Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. യൂണിവേഴ്‌സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. റെസിഡൻഷ്യൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല.

 

അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തിയും വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖല സ്ഥിതി ചെയ്യുന്നുണ്ട്. ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.