Spread the love

കൊച്ചി: ‘നോർത്ത് 24 കാതം’, ‘ആമേൻ’ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി. തമിഴിലെ സൂപ്പർഹിറ്റ് ചിത്രമായ സുബ്രഹ്‌മണ്യപുരം ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സ്വാതി റെഡ്ഡി കളേഴ്‌സ് സ്വാതി എന്നാണ് അറിയപ്പെടുന്നത്.

സ്വാതി റെഡ്ഡി അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. ബുധനാഴ്ച നടന്ന സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. ‘ഹിച്ച്ഡ് 08-07-2026’ എന്നാണ് ചിത്രങ്ങൾക്കൊപ്പം സ്വാതി കുറിച്ചത്.

ഇരുവരും പരമ്പരാഗതമായ വസ്ത്രങ്ങളാണ് വിവാഹത്തിന് ധരിച്ചിരുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഹോമം ശ്രീകാന്ത് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയാണ് ഒരു ചിത്രത്തിലുള്ളത്. വീട്ടിൽ വെച്ച് തന്നെയാണ് വിവാഹം നടന്നതെന്നാണ് സൂചന.