അമ്മ തര്‍ക്കത്തില്‍ കോടതി ഇടപെട്ടു, ശ്വേത മേനോനു തുടരാം, ഇനി നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേത
ചലച്ചിത്ര താരസംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കോടതി ഇടപെടുന്നു. അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയെ ഭരണച്ചുമതലയില്‍ നിന്ന് എറണാകുളം മുന്‍സിഫ് കോടതി താത്കാലികമായി വിലക്കി. ശ്വേത മേനോന്റെ കമ്മിറ്റിക്ക് തുടരാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചതിനെതിരെ ശ്വേത നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. രമേഷ് പിഷാരടിയാണ് അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍.
ശ്വേത മേനോനും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക രാജിപത്രിക ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും ഇത് സംഘടനയില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും രമേശ് പിഷാരടിയും കെബി ഗണേഷ് കുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് മറുപടിയുമായി ശ്വേത മേനോന്‍ രംഗത്തെത്തിയിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ അവസാനിക്കുമെന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും എന്നാല്‍ തന്റെ അന്തസിനെ ലക്ഷ്യമിട്ട് വേട്ടയാടാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോള്‍ രംഗത്തെത്തുന്നതെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.

