കോട്ടയം: കോട്ടയം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസർ അനധികൃത അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെ വിജിലൻസ് വിഭാഗം പിടികൂടി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ ഡോ.എം.എസ് നിഷാരയെയാണ് സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്നതിനിടെ പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഡോ.നിഷാര അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നത് നേരത്തെ പരാതി ഉയർന്നിരുന്നു. മെഡിക്കൽ കോളേജിൽ ഫെബ്രുവരി രണ്ട് മുതൽ ശമ്പള ആനുകൂല്യം ഇല്ലാത്ത അവധിയിലായിരുന്നു. വ്യക്തിപരമായ അത്യാവശ്യങ്ങൾ മുൻനിർത്തി മൂന്ന് മാസത്തെ അവധി അനുവദിച്ചത് പ്രിൻസിപ്പലാണ്. മെയ് 30ന് ഡോ.നിഷാരയുടെ അവധി തീർന്നിരുന്നു. തുടർന്നും അവധിക്കായി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. സർക്കാർ സർവീസിൽ ഉള്ളവർക്ക് മൂന്നുവർഷത്തിന് മുകളിൽ അവധിയെടുത്ത് മറ്റു ജോലികൾക്കോ വിദേശത്തോ പോകാമെന്നുള്ള ചട്ടമുണ്ട്. എന്നാൽ, ഇതിന് സർക്കാരിന്റെ പ്രത്യേക അനുമതി വേണം. ഇത്തരം അനുമതി ലഭിക്കാതെയാണ് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കോട്ടയം വിജിലൻസ് ഇൻസ്‌പെക്ടർ എം.ടി ഉമറുൽ ഫറൂഖിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

