Spread the love

പ്രിയ ദാസേട്ടനു വിടയേകി കോട്ടയത്തെ മാധ്യമകൂട്ടായ്മ

കോട്ടയം : അകാലത്തില്‍ വിടവാങ്ങിയ പ്രിയപ്പെട്ട ദാസേട്ടന് അന്ത്യാജ്ഞലി അര്‍പ്പിച്ച് കോട്ടയത്തെ മാധ്യമസമൂഹം. കഴിഞ്ഞ ദിവസം അന്തരിച്ച മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പാറമ്പുഴ വൈഷ്ണവം പി.ആര്‍. ദേവദാസ് (68)ന്റെ ഭൗതിക ശരീരം പ്രസ്‌ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ പൊതുപ്രവര്‍ത്തകരും മാധ്യമ സുഹൃത്തുക്കളും അടങ്ങുന്ന വലിയ വിഭാഗം വിടയേകാന്‍ എത്തി.കോട്ടയം പ്രസ്‌ക്ലബിന് മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ രാവിലെ 11.30 ഓടെ ദാസേട്ടന്‍ അവസാനമായി എത്തി. പ്രസ്‌ക്ലബിന് വേണ്ടി പ്രസിഡന്റ് അനീഷ് കുര്യനും സെക്രട്ടറി ജോബിന്‍ സെബാസ്റ്റ്യനും പുഷ്പാജ്ഞലി അര്‍പ്പിച്ചു.

ഫ്രാന്‍സിസ് ജോര്‍ജ് എംപി, ,കെ. സുരേഷ് കുറുപ്പ് എക്‌സ് എംപി,കെ. അനില്‍കുമാര്‍,
കോട്ടയം നഗരസഭാ ചെയര്‍മാന്‍ സന്തോഷ് കുമാര്‍,യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ് , സിപിഐ നേതാവ് വി.ബി ബിനു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ് ഒഴുകയില്‍, ദര്‍ശന സാംസ്‌കാര കേന്ദ്രം ഡയറക്ടര്‍ ഫാ, തോമസ് പുതുശേരി, സണ്ണി ജോസഫ്,നോവലിസ്റ്റ് കെ.ആര്‍ മീര

 

കേരള പത്രപ്രവർത്തകർ യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെപി റജി , സീനിയര്‍ മാധ്യമപ്രവര്‍ത്തകരായ ജോസ് പനച്ചിപ്പുറം, ചെറുകര സണ്ണീ ലൂക്കോസ്, എസ് ഡി സതീശൻ നായർ, റോക്കി ജോര്‍ജ്, രാജു ആനിക്കാട്, പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, മുന്‍ സെക്രട്ടറിമാരായ ഷാലു മാത്യു, റോബിന്‍ പി തോമസ് ദേവസ്വം ബോര്‍ഡ് മുന്‍ പിആര്‍ഒ അയര്‍ക്കുന്നം രാമന്‍നായര്‍,എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി മോന്‍സ് ജോസഫിന് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു.

മികച്ച ഫോട്ടോജേണലിസ്റ്റ് എന്നതിലപ്പുറം കോട്ടയത്തെ പുതു തലമുറ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രസ്‌ക്ലബിന്റെ വേദികളെ സമ്പന്നമാക്കിയ ഗായകന്‍ കൂടിയാണ് ദാസേട്ടന്‍.

കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴിന് പാറമ്പുഴ മോസ്‌കോ കവലയിലുള്ള വസതിയില്‍ എത്തിച്ചു. തുടര്‍ന്നാണ് പ്രസ് ക്ലബിലെ പൊതുദര്‍ശനത്തിന് കൊണ്ടുവന്നത്. സംസ്‌കാരം ഉച്ചകഴിഞ്ഞു മൂന്നിന് മന്ദിരം കവലയ്ക്ക് സമീപമുള്ള ചിലമ്പ്രക്കുന്ന് ശാന്തിപഥം ശ്മശാനത്തില്‍ നടക്കും.

ഭാര്യ: കുടമാളൂര്‍ പുളിഞ്ചുവട് കുന്നുംപുറത്ത് കെ.കെ. ശൈലജ. മക്കള്‍ വിഷ്ണുദാസ് (ഫ്രീലാന്‍സ് ഫൊട്ടോഗ്രഫര്‍), ദേവിക ദാസ് (എന്‍ജിനീയര്‍, ബംഗളൂരു).

മലയാള മനോരമ എഡിറ്റോറിയല്‍ വിഭാഗത്തില്‍ സ്റ്റുഡിയോ ഡാര്‍ക് റൂം അസിസ്റ്റന്റായി 1980-ല്‍ ജോലിയില്‍ പ്രവേശിച്ചു. 2017-ല്‍ കോട്ടയം യൂണിറ്റില്‍ നിന്നു വിരമിച്ചു.കണ്ണൂര്‍, തിരുവനന്തപുരം, കോട്ടയം യൂണിറ്റുകളിലായി 37 വര്‍ഷം മനോരമയില്‍ പ്രവര്‍ത്തിച്ചു. സ്വദേശാഭിമാനി അവാര്‍ഡ്, കണ്ണൂര്‍ പ്രസ് ക്ലബിന്റെ പാമ്പന്‍ മാധവന്‍ സ്മാരക അവാര്‍ഡ്, സംസ്ഥാന ഗുസ്തി ചാംപ്യന്‍ഷിപ് ഫോട്ടോ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.