കലാച്ചി’ നോവൽ വിവാദം: ഹരിതാ സാവിത്രിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ ആർ മീര
കോട്ടയം: കെആർ മീരയുടെ “കലാച്ചി” ,സിൻ എന്ന ഹരിത സാവിത്രിയുട നോവൽ കോപ്പിയടിച്ചതാണെന്ന വിവാദത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി എഴുത്തുകാരി . ഇതിന്റെ ഭാഗമായി ഹരിത സാവിത്രിക്ക് കെ.ആർ മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ആർ മീര തന്നെയാണ് ഈ വിവരം വായനക്കാരെയും പൊതുസമൂഹത്തെയും അറിയിച്ചത്. പ്രിയപ്പെട്ട വായനക്കാരുടെയും തന്നെ സ്നേഹിക്കുന്നവരുടെയും പൊതുസമൂഹത്തിന്റെയും അറിവിലേക്കായി എന്ന് പരാമർശിച്ചുകൊണ്ടാണ് കെ.ആർ മീരയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആരംഭിക്കുന്നത്. ഹരിത സാവിത്രി തനിക്കെതിരെ ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിൽ തനിക്ക് വലിയ രീതിയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ.ആർ മീരയുടെ ആരോപണം.
‘സിൻ’ എന്ന നോവലിന്റെ എഴുത്തുകാരിയായ ഹരിത സാവിത്രി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിന് പിന്നാലെയാണ് മലയാള സാഹിത്യ ലോകത്തെ ചൂടുപിടിപ്പിച്ച ഈ കോപ്പിയടി വിവാദം ആരംഭിച്ചത്. കാമുകനെ തേടി വിദേശത്തെ സംഘർഷബാധിതമായ മേഖലകളിൽ എത്തുന്ന ഒരു യുവതിയുടെ കഥയാണ് രണ്ട് നോവലുകളുടെയും ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കെ.ആർ മീര കഥ പറയുമ്പോൾ, കുർദിസ്ഥാൻ പശ്ചാത്തലമാക്കിയാണ് ഹരിത സാവിത്രി തന്റെ നോവൽ എഴുതിയിരിക്കുന്നത്.
ഹരിതയുടെ ‘സിൻ’ എന്ന നോവൽ 2022-ലാണ് പുറത്തിറങ്ങിയത്. ഈ കൃതിക്ക് 2023-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി. എന്നാൽ കെ.ആർ മീരയുടെ ‘കലാച്ചി’ എന്ന നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത് 2025-ലാണ്. നോവൽ പുറത്തുവന്നത് 2025-ലാണെങ്കിലും, അതിന്റെ ആദ്യഭാഗങ്ങൾ 2020-ൽ തന്നെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നുവെന്നാണ് കെ.ആർ മീര വ്യക്തമാക്കുന്നത്. എന്നാൽ കെ.ആർ മീരയുടെ ഈ വാദങ്ങളെയും ഹരിത സാവിത്രി പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്യുന്നത്.
എന്നാൽ 2020ൽ നോവലിന്റെ ആറ് അദ്ധ്യായങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നും, അതിന് ശേഷം വന്ന ഭാഗങ്ങളിലാണ് തന്റെ നോവലുമായി സാമ്യമുള്ളതെന്നുമാണ് ഹരിത സാവിത്രിയുടെ അവകാശ വാദം. ഇതിന് തെളിവായി 2020ൽ അവതാരികയ്ക്കായി എൻ.എസ്. മാധവന് തന്റെ നോവൽ ഇമെയിൽ അയച്ചതിന്റെ സ്‌ക്രീൻഷോട്ടുകളും ഹരിത പുറത്തുവിട്ടിരുന്നു.
ഇത് സാഹിതൃ ലോകത്ത് വലിയ ചർച്ചയാകുകയും എഴുത്തുകാർ ചേരിതിരിഞ്ഞ് പ്രതികരിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്‌നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക്: എന്റെ ‘കലാച്ചി’ എന്ന നോവലിനെയും ‘കലാച്ചി’യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ, ഇതുസംബന്ധിച്ചുള്ള നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ് അയച്ചുകഴിഞ്ഞു. നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ, നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുകമാത്രമേ എനിക്കു മാർഗമുള്ളൂ. ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം.
സ്‌നേഹത്തോടെ,
കെ ആർ മീര.

