തിരുവനന്തപുരം : യുഡിഎഫ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പരിചയസമ്പന്നരായ മാധ്യമപ്രവർത്തകരും. ഭരണകൂടവും മാധ്യമങ്ങളും ആയിട്ടുള്ള ഏകോപനവും. സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നത് പലപ്പോഴും മാധ്യമപ്രവർത്തകരുടെ ടീമുകളാണ്. പുതിയ ഡിജിറ്റൽ മീഡിയ കാലഘട്ടത്തിൽ ഇത് കൂടുതൽ അനിവാര്യമായതിനാലാണ് യുഡിഎഫ് സർക്കാർ സീനിയർ മാധ്യമപ്രവർത്തകരെ കൂടുതലായി ഉൾപ്പെടുത്തിയത് എന്നാണ് സൂചന
സാധാരണ ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ പാർട്ടി പത്രത്തിൽ നിന്നും പാർട്ടി ചാനൽ നിന്നുമുള്ള ഇടത് അനുകൂലികളായ മാധ്യമപ്രവർത്തകരെ നിയമിക്കുന്ന പതിവുണ്ട്.
കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ദേശാഭിമാനിയുടെ പ്രധാന പദവിയിൽ ഉണ്ടായിരുന്ന
മാധ്യമപ്രവർത്തനായിരുന്നു. പിണറായിയുടെ ഓഫീസിൽ രണ്ടു പ്രമുഖ തസ്തികകളിൽ ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകരെ നിയോഗിച്ചു. പത്തുവർഷവും ഇതു തുടർന്നു.മീഡിയ അക്കാദമിയിലേക്ക് നിയോഗിച്ചത് ദേശാഭിമാനി ലേഖകനെ തന്നെയായിരുന്നു. കൂടാതെ ആദ്യ പിണറായി മന്ത്രിസഭയിൽ എംഎം മണി , കടകംപള്ളി സുരേന്ദ്രൻ , ഉൾപ്പെടെ മന്ത്രിമാരുടെ സ്റ്റാഫിൽ മാധ്യമപ്രവർത്തകർക്ക് പരിഗണന ലഭിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രി വി എൻ വാസവൻ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ സ്റ്റാഫിലും മാധ്യമപ്രവർത്തകർ ഇടം പിടിച്ചു. ഇതര മന്ത്രിമാരിലും .എന്നാൽ മാധ്യമപ്രവർത്തകരോടുള്ള പൊതു സമീപനം മൂലം ഇത് ഫലപ്രദമായില്ല.
ആദ്യ പിണറായി മന്ത്രിസഭയിൽ ജോൺ ബ്രിട്ടാസ് മാധ്യമ വിഭാഗം കൈകാര്യം ചെയ്തിരുന്നു.
പത്തുവർഷങ്ങൾക്കുശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പാർട്ടി പത്രത്തിലും ചാനലിലും കൂടാതെ യുഡിഎഫ് അനുഭാവികളായ മാധ്യമപ്രവർത്തകരെയും പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് തത്വത്തിൽ തീരുമാനിച്ചിരുന്നു.
സതീശൻ സർക്കാർ അധികാരത്തിൽ വന്ന അന്നുമുതൽ ഇതിനുള്ള നടപടികൾ ആരംഭിച്ചു. പക്ഷേ ബജറ്റ് അവതരണത്തിനു ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്.
കേരളത്തിലെ പ്രൊഫഷണൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ കെ യു ഡബ്ല്യുജെ യുടെ ഭാഗമായ എട്ടോളം മാധ്യമപ്രവർത്തകർ ഇപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ജോലിക്ക് കയറിയിട്ടുണ്ട്. കൂടാതെ പ്രാദേശിക മാധ്യമപ്രവർത്തകരും. കോൺഗ്രസിന്റെ മന്ത്രിമാരിൽ പലരും സീനിയറായ മാധ്യമപ്രവർത്തകർക്ക് അപ്പോയിൻമെന്റ് നൽകി കഴിഞ്ഞു.
മുഖ്യമന്ത്രി വി. ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഒപ്പം ഉണ്ടായിരുന്ന മാധ്യമപ്രവർത്തകന് പ്രസ് സെക്രട്ടറി പദവി നൽകി. കൂടാതെ വിഷ്വൽ മീഡിയയുടെ പ്രാതിനിധ്യം എന്ന നിലയിൽ മീഡിയ സെക്രട്ടറി എന്ന പദവിയിൽ മറ്റൊരു സീനിയർ മാധ്യമ പ്രവർത്തകനെയും നിയോഗിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗത്തിലുള്ള ഇരുവരും ദൃശ്യമാധ്യമങ്ങളിൽ പരിചിതരായവരാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സുസജ്ജമായ മാധ്യമപ്രവർത്തകരുടെ ഒരു ടീം നേരത്തെ തന്നെ ഒപ്പമുണ്ട്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്ക് പ്രസ് സെക്രട്ടറി എന്ന തസ്തികയിൽ തന്നെ മാധ്യമപ്രവർത്തകരെ നിയമിക്കാം. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇത്തവണ പത്രപ്രവർത്തക യൂണിയൻറെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മനോഹരൻ മോറായിക്കാണ് പ്രസ് സെക്രട്ടറി സ്ഥാനം നൽകിയത്. ദേശാഭിമാനിയിൽ നിന്നും വിരമിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാധ്യമങ്ങളിൽ സേവനമനുഷ്ഠിച്ചവരെ പ്രസ് സെക്രട്ടറി പദവിയിൽ നിയോഗിച്ചപ്പോൾ നിയമസഭാ സ്പീക്കർ അദ്ദേഹത്തിൻറെ മാധ്യമ സമ്പർക്കം നിർവഹിച്ചിരുന്ന യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് പ്രസ് സെക്രട്ടറിപദം നൽകിയത്. ചീഫ് വിപ്പ് ആയി നിയമിതനായ അപു ജോൺ ജോസഫ് മാധ്യമപ്രവർത്തകരെയാണ് ഈ പദവിയിലേക്ക് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. പാർട്ടിയുമായി അടുപ്പമുള്ള ഒരു പ്രൊഫഷണൽ മാധ്യമപ്രവർത്തകൻ്റെ പേര് പാർട്ടി ചെയർമാൻ ഏറെക്കുറെ തീരുമാനിച്ചതാണ് അറിവ്. പത്രപ്രവർത്തക യൂണിയൻറെ മുൻ ഭാരവാഹി കൂടിയാണ് ഈ സീനീയർ മാധ്യമപ്രവർത്തകൻ.
എന്നാൽ ചില കല്ലുകടികളുണ്ട്. തൊഴിൽ പീഡനത്തിന് കൂട്ടുനിന്ന മാധൃമപ്രവർത്തകനെ മുഖൃമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവി നല്കിയതും പത്രപ്രവർത്തക യൂണിയനിൽ ദേശാഭിമാനിക്കുവേണ്ടി നിലകൊള്ളുന്ന കോൺഗ്രസ് മുഖപത്രത്തിന്റെ ലേഖകരും ഇക്കൂട്ടത്തിലുണ്ട്.
ഇടതു വലതു മുന്നണികൾ മാധ്യമപ്രവർത്തകർക്ക് അവസരം നൽകാറുണ്ടെങ്കിലും ബിജെപി ഇക്കാര്യത്തിൽ വലിയ പരിഗണന നൽകാറില്ല എന്നാണ് പറയുന്നത്. ഗവർണറുടെ ഓഫീസിൽ പാർട്ടി പത്രത്തിലെ രണ്ടു മുതിർന്ന മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തിയത് മാത്രമാണ് അപവാദം. മൂന്നാം മോദി മന്ത്രിസഭയിൽ ഇടം നേടിയ മലയാളികളായ രണ്ടു മന്ത്രിമാരും പ്രൊഫഷണൽ മാധ്യമപ്രവർത്തകരെ പരിഗണിച്ചില്ലെന്നുള്ള പരാതിയുണ്ട്.
കഴിഞ്ഞ ഇടതു മന്ത്രിസഭയിൽ കേരള കോൺഗ്രസ് മാണി വിഭാഗം ഇക്കാര്യത്തിൽ ജാഗ്രത പാലിച്ചില്ല. പ്രൊഫഷണൽ മാധ്യമ രംഗത്ത് പരിചയമില്ലാത്തവരെയാണ് തെരഞ്ഞെടുത്തത്. മന്ത്രിയുടെ സ്റ്റാഫിൽ ഇടം നേടിയ മാധ്യമപ്രവർത്തകൻ ആകട്ടെ മാധ്യമസമ്പർക്കത്തിൽ ഒട്ടും വിജയിച്ചില്ല ഇടതുഭരണം കഴിയുന്നതിനു മുമ്പുതന്നെ പുതിയ ലാവണം തേടി പോവുകയും ചെയ്തു.
കഴിഞ്ഞ തവണ സാമുദായിക ശക്തികളാണ് തീരുമാനത്തെ സ്വാധീനിച്ചതെന്ന വിമർശനമുയർന്നിരുന്നു. വെള്ളാപ്പള്ളിയുടെയും സിപിഎമ്മിന്റെയും പ്രതിനിധികൾ കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പേഴ്സണൽ സ്റ്റാഫിൽ സ്ഥാനം പിടിച്ചു. യുഡിഎഫ് ഇക്കാര്യത്തിൽ കഴിയുന്നത്ര മാനദണ്ഡം പാലിച്ചു എന്നാണ് സൂചനകൾ.
രാഷ്ട്രീയപ്രവർത്തകരെ മാത്രം സ്റ്റാഫ് അംഗമാക്കുക എന്ന പതിവ് രീതിയാണ് ഇത്തവണ യുഡിഎഫ് മാറ്റുന്നത്. പാർട്ടി പ്രവർത്തകർ എന്നതുപോലെതന്നെ മാധ്യമങ്ങളിലൂടെയുള്ള സമ്പർക്കവും ദിന ജീവിതത്തിൻറെ ഭാഗമായതിനാലാണ് ഈ മനോഭാവംമാറ്റം എന്ന് കരുതുന്നു.

