Spread the love

പാനൂർ (കണ്ണൂർ) : വീട്ടിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. ആൺ സുഹൃത്തിന്‍റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസ് എടുത്തു. സംഭവ ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

ജൂണ്‍ എട്ടിന് തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ആദിത്യയുടെ ആണ്‍സുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഈക്കാര്യം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. തന്നെ ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും യുവതി വീട്ടിൽ പറഞ്ഞിരുന്നു. അതാണ് ആത്മഹത്യാശ്രമം നടത്താന്‍ കാരണമെന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് പറഞ്ഞിരുന്നു. സംഭവത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദിത്യയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പാനൂര്‍ പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)