Spread the love

മുംബൈ: വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി. 26-കാരിയായ വിശാഖ തിൽക്കർ ആണ് ജീവനൊടുക്കിയത്. മുംബൈയ്ക്ക് സമീപമുള്ള അമ്പർനാഥിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലി ഭർത്താവിൽ നിന്നുമുള്ള നിരന്തരം കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കാനാവാതെ യുവതി ജീവനൊടുക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് വിശാഖയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.അതേസമയം ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും 48 ദിവസം മാത്രമുള്ളപ്പോഴാണ് ദാരുണമായ മരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു വിശാഖയുടെയും ഡോക്ടർ നിതിൻ തിൽക്കറിന്റെയും വിവാഹം.

എന്നാൽ വിവാഹസമയത്ത് തങ്ങൾ പ്രതീക്ഷിച്ചത്രയും സമ്മാനങ്ങളും റെസ്പെക്ടും വിശാഖയുടെ വീട്ടുകാരിൽ നിന്ന് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം. കൂടാതെ വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണ്ണവും വാങ്ങി വരാൻ ആവശ്യപ്പെട്ട് വിശാഖയെ ഇവർ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നതായും കുടുംബം ആരോപിച്ചു.

വിശാഖയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനായി ഭർത്താവ് നിതിൻ വീടിനകത്തും പുറത്തുമായി നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.ശാരീരിക ഉപദ്രവങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല വിശാഖ നേരിട്ട പീഡനങ്ങൾ. ഇതോടെ വിശാഖ പൂർണ്ണമായും തലയ്ക്കപ്പെട്ടു. കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

മകളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ മാതാപിതാക്കൾ അവളെ ഭർതൃവീട്ടിൽ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് വിശാഖ തൂങ്ങിമരിച്ചെന്ന വാർത്ത അറിയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)