Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

ഇപ്പോഴിതാ തനിക്ക് ക്യാൻസർ ബാധിച്ച വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് രേണു. രോഗം ഇപ്പോൾ മൂന്നാം ഘട്ടത്തിലാണെന്നും (സ്റ്റേജ് 3) ഉടൻ തന്നെ കീമോതെറാപ്പി ചികിത്സ ആരംഭിക്കുമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു വ്യക്തമാക്കി.

 

രേണു സുധിയുടെ വാക്കുകള്‍

എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം ഞാൻ എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഞാൻ ഇത് പറയുന്നത്. അവര്‍ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി.

15- 16 വർഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞിട്ട് നിൽക്കുകയായിരുന്നു. അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷൻ. അത് കുറച്ച് പെയിൻഫുൾ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല.

സുധിച്ചേട്ടന്‍റെ മരണശേഷം ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ സ്കാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിം​ഗ് റിസല്‍ട്ട് കണ്ട് സംശയം തോന്നിയപ്പോള്‍ മാമ്മോ​ഗ്രാം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. മാമ്മോ​ഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. അതിന്‍റെ റിസൾട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോള്‍ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഇത് കേട്ടിട്ട് ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൾട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല.

മാനേജര്‍ കരിഷ്മയാണ് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആദ്യം ചോദിച്ചത്. പറഞ്ഞപ്പോള്‍ അവള്‍ ഞെട്ടി. കരിഷ്മയാണ് ചേച്ചിയോട് പറഞ്ഞത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളെജിലും പരിശോധിച്ചു. മെഡിക്കല്‍ കോളെജിലും കാന്‍സര്‍ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കീമോതെറാപ്പി തുടങ്ങണം എന്ന് പറഞ്ഞു. ഉടനെ അത് തുടങ്ങും. എന്റെ കുറച്ച് സുഹൃത്തുക്കൾക്കും മാനേജർക്കും വീട്ടുകാർക്കും കസിൻസിനും മാത്രം അറിയുന്ന കാര്യമാണ് ഇപ്പോള്‍ എല്ലാവരോടുമായി പങ്കുവെക്കുന്നത്. മുന്നോട്ട് നമുക്ക് ജീവിക്കണം എന്നൊരു ഒറ്റ ചിന്തയാണ് എന്നെ ഇപ്പോള്‍ നയിക്കുന്നത്. പെണ്‍കുട്ടികള്‍ ശരീരത്തില്‍ വേദനയില്ലാത്ത മുഴ ഒക്കെ വന്നാല്‍ ശ്രദ്ധിക്കുക. ഡോക്ടറെ കാണുക. വേദനയില്ലെന്നോര്‍ത്ത് വച്ചുകൊണ്ടിരിക്കരുത്.