മരുന്നിന് പകരം മാരക വിഷാംശമുള്ള ഫോർമാലിൻ കുത്തിവച്ചതിനെ തുടർന്ന് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ എയിംസിലെ രണ്ട് നഴ്സുമാർക്കെതിരെ പോലീസ് നടപടി. സംഭവം നടന്ന ഒരു വർഷത്തിനു ശേഷമാണ് നടപടി
രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന സാർത്ഥക് യാദവ് എന്ന കുട്ടിയാണ് നഴ്സുമാരുടെ ഗുരുതര വീഴ്ചയെ തുടർന്ന് മരണപ്പെട്ടത്. ഭോപ്പാലിലെ എയിംസ് ആശുപത്രിയിൽ 2025 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വീഴ്ചവരുത്തിയ നഴ്സുമാരായ മധുബാല ശർമ്മ, അനുക എന്നിവർക്കെതിരെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌തു.
ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ ഗുരുതരാവസ്ഥയിലാണ് സാർത്ഥകിനെ പ്രവേശിപ്പിച്ചത്. ഡിസംബർ 17ന് രാവിലെ കുട്ടിയുടെ ഐവി ലൈൻ തടസപ്പെട്ടിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഓഫീസർ വാർഡിൽ ഇരുന്ന എഫ് എന്ന് അടയാളപ്പെടുത്തിയ സിറിഞ്ച് കൃത്യമായി പരിശോധിക്കാതെ ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു.
ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ കുട്ടിയുടെ നില വഷളാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടൻ തന്നെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 8.45ഓടെ കുട്ടി മരണപ്പെട്ടു. സംഭവം പുറത്തായതോടെ ആശുപത്രി അധികൃതർ ഐവി ബോട്ടിൽ ഒളിപ്പിക്കാൻ ശ്രമിച്ചതായും സാർത്ഥികിന്റെ കുടുംബം ആരോപിച്ചു. എയിംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

