ബി. അശോക് കാവിവല്‍ക്കരണത്തിന് പച്ചക്കൊടി കാണിച്ച ഐ.എസ്.എസുകാരില്‍ പ്രധാനിയെന്ന് വി.എന്‍ വാസവന്‍.
കോട്ടയം: കാവിവല്‍ക്കരണത്തിന് വേണ്ടി പച്ചക്കൊടി കാണിച്ച ഐ.എസ്.എസുകാരിലെ പ്രധാനിയാണ് ബി. അശോക് എന്ന് മുന്‍മന്ത്രി വി.എന്‍ വാസവന്‍ കോട്ടയത്ത് പറഞ്ഞു. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരിക്കുകയാണെന്നും ബി.ജെ.പിയുമായി നേരത്തെ തന്നെ ഡീല്‍ ഉറപ്പിച്ചിട്ടുള്ള ആളാണ് അദ്ദേഹമെന്നും വാസവന്‍ കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് തലപ്പത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നത് സര്‍വകലാശാല കാവിവല്‍ക്കരണത്തിന് വഴി ഒരുക്കാനാണ്. ആ രീതിയില്‍ തന്നെയാണ് ദിവ്യ എസ് അയ്യരെ മാറ്റി ഇഷ്ടപ്പെട്ട ആളെ നിയമിച്ചത്. മുഖ്യമന്ത്രി തന്നെ തുറമുഖ വകുപ്പ് ഏറ്റെടുത്തതും അദാനിയുടെ താല്‍പര്യങ്ങളുമായി മുന്നോട്ടു പോകാനാണ്. ഇത് അദാനി കോണ്‍ഗ്രസ് ഡീലിന്റെ ഭാഗമാണ്.
അദാനിക്കുവേണ്ടി മുന്‍പ് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തിരുന്നത് ബി.ജെ.പിയായിരുന്നു. കോണ്‍ഗ്രസിനെ കൂടി ബി.ജെ.പിയില്‍ എത്തിക്കാനുള്ള പാലമായി അദാനി മാറുകയാണ്. മുഖ്യമന്ത്രിയുമായുള്ള ബന്ധം അതിന്റെ സൂചനകളാണെന്നും വാസവന്‍ ആരോപിച്ചു.
അദാനിയുമായി ആദ്യം കരാറില്‍ ഏര്‍പ്പെട്ടത് കോണ്‍ഗ്രസാണെന്നും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം അടിസ്ഥാനരഹിതമാണെന്നും മുന്‍ മന്ത്രി വി.എന്‍ വാസവന്‍. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടായിരുന്നു അദാനിയുമായുള്ള കരാറെന്നും ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് അതുണ്ടായതെന്നും വി.എന്‍ വാസവന്‍ പറഞ്ഞു. അത് മറച്ചുപിടിച്ചാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായ പ്രകടനമെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
ഫലപ്രഖ്യാപനം വരുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി വി.ഡി സതീശന്‍ അദാനി പ്രതിനിധിയും എന്‍.ഡി.എ ജനപ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയും അദാനിയും തമ്മില്‍ ഇണപിരിയാത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ അതിനെ കേരളത്തിലേക്ക് ലിങ്ക് ചെയ്യുകയാണ്. അദാനിയെ കേരളത്തില്‍ കൊണ്ടുവന്ന് പരവതാനി വിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അദാനിയെ കൊണ്ടുവന്നതും പരവതാനി വിരിച്ചതും സഖ്യത്തില്‍ ഏര്‍പ്പെട്ടതും കോണ്‍ഗ്രസാണെന്നും വാസവന്‍ പറഞ്ഞു.

