കെപിസിസി യോഗത്തിന് പിന്നാലെ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് രാജിവെച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസിന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ബെന്നി തോമസ്.
സ്വന്തം സഹോദരിയുടെ ഭര്‍ത്താവിനെ സ്റ്റാഫില്‍ നിയമിച്ചതില്‍ തെറ്റില്ലെന്ന നിലപാടിലായിരുന്നു മന്ത്രി. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനം ഉയരുകയും പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തതോടെയാണ് രാജിയിലേക്ക് വഴിതെളിച്ചത്.
അതേസമയം തന്റെ സഹോദരിയുടെ ഭര്‍ത്താവ് എന്ന നിലയ്ക്ക് അല്ലായിരുന്നു ബെന്നിയുടെ നിയമനമെന്ന വിശദീകരണമാണ് സണ്ണി ജോസഫ് നല്‍കിയിരുന്നത്. പാര്‍ട്ടി ഡിസിസി തന്നെയാണ് മാതൃകാ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബെന്നിയെ ശുപാര്‍ശ ചെയ്തതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചീഫ് ഏജന്റായി പ്രവര്‍ത്തിച്ചതും ബെന്നിയായിരുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
മന്ത്രി കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ സണ്ണി ജോസഫിനെ പരസ്യമായി പിന്തുണച്ചിരുന്നു. റിയാസ് പിണറായി മന്ത്രിസഭയിൽ മന്ത്രിയായത് ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരൻ വിമർശനമുന്നയിച്ചത്. എന്നാൽ തുടക്കത്തിലെ തന്നെ വിവാദങ്ങൾ വേണ്ട എന്ന നിലപാടിൽ ആയിരുന്നു ഒരു വിഭാഗം. ഇതോടെയാണ് രാജിക്ക് കളം ഒരുങ്ങിയത്.

