വീട്ടാവശ്യത്തിനുളള പാചക വാതക വില കൂട്ടി. കൂട്ടിയത് 29 രൂപ
ന്യൂഡല്‍ഹി: ഗാര്‍ഹിക പാചക വാതക എല്‍പിജി വില സിലിണ്ടറിന് 29 രൂപ വര്‍ദ്ധിപ്പിച്ചു. മൂന്ന് മാസത്തിനുള്ളില്‍ രണ്ടാമത്തെ വര്‍ധനവാണിത്. വാണിജ്യ ആവശ്യത്തിലുളള പാചകവാതക വില നാലു തവണ കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് ഇത്.
ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഡല്‍ഹിയില്‍ 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി ഉയരുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും അന്താരാഷ്ട്ര ഇന്ധന വില ഉയരുകയും ചെയ്തതിനെത്തുടര്‍ന്ന് മാര്‍ച്ച് 7 ന് സിലിണ്ടറിന് 60 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ആഭ്യന്തര എല്‍പിജി വില്‍പ്പനയില്‍ ഉണ്ടായ നഷ്ടം ഈ വര്‍ധന ഭാഗികമായി മാത്രമേ നികത്തിയിട്ടുള്ളൂവെന്ന് എണ്ണകമ്പനികള്‍ പറയുന്നു.

