തിരുവനന്തപുരം: നാലാഞ്ചിറ ഉദിയന്നൂരിലെ ആ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം തങ്ങളുടെ ഉമ്മയെ ക്രൂരമായി കൊലപ്പെടുത്തി രക്തം പുരണ്ട ആയുധവുമായി പുറത്തെത്തിയ അച്ഛനെ കണ്ടു നടുങ്ങിയ 4 മക്കളുടെ കൂട്ടനിലവിളി ഇപ്പോഴും മാഞ്ഞിട്ടില്ല. ഉമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ഒളിവിൽപ്പോയതോടെ അക്ഷരാർഥത്തിൽ അനാഥരാണ് ആ നാലുകുട്ടികൾ.
നാലാഞ്ചിറ സ്വദേശിനിയായ മുപ്പത്തിയാറുകാരി ഹസീന ബീവിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൊലപാതകം നടന്നത്. കുടുംബത്തിലുണ്ടായ കടുത്ത തർക്കങ്ങളാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മണ്ണന്തല പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഹസീനയെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു
19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്ക്കും സുരേഷിനും നാല് മക്കളാണുള്ളത്. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. നഗരത്തിന്‍റെ പല ഭാഗങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ മാസങ്ങൾക്ക് മുമ്പാണ് ഉദയന്നൂരിലെത്തിയതെന്ന് സമീപവാസികൾ പറയുന്നു.

