Spread the love

കോഴിക്കോട്: ഒടുവിൽ 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൌദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരിൽ വിമാനമിറങ്ങിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. വിമാനത്താവളത്തില്‍ ബോബി ചെമ്മണ്ണൂർ അടക്കമുള്ളവർ എത്തിയിരുന്നു. എല്ലാവരോടും ഒരുപാട് നന്ദിയെന്നും വളരെ സന്തോഷമെന്നും അബ്ദുല്‍ റഹീം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേ​ഗത്തിൽ പൂ‍ർത്തിയായതോടെയാണ് റഹീമിന് പെരുന്നാൾ ദിനത്തിൽ തന്നെ നാട്ടിലെത്താൻ സാധിച്ചത്. സൗദിബാലന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതൽ ജയിലിലായിരുന്നു.

മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.