Spread the love

ആലപ്പുഴ: നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. മാനഹാനി ഭയന്നാണ് അവിവാഹിതയായ പെൺകുട്ടി കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

അതേസമയം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നത്. പരിശോധനയിൽ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെൺകുട്ടി പരിശോധനയുമായി സഹകരിച്ചില്ല. വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി.

തുടർന്ന് തിങ്കളാഴ്ച അർദ്ധരാത്രി 12.15നാണ് പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. പൊക്കിൾ കൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചിൽ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും അപകട നില തരണം ചെയ്തു.