ഓണ്‍ലൈന്‍ തരംഗമായ പാറ്റാ പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയെ വിമര്‍ശിച്ച് ശശി തരൂര്‍, ഈ തരംഗം വിനിയോഗിക്കണമെന്ന് കോണ്‍ഗ്രസിന് ഉപദേശം
സുപ്രിംകോടതി ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഓണ്‍ലൈനില്‍ രൂപം കൊണ്ട രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്‍ട്ടി തരംഗം പ്രതിപക്ഷം അവസരമായി വിനിയോഗിക്കണമെന്ന് ശശി തരൂര്‍ എം.പി. സാമൂഹ്യമാധ്യമമായ എക്‌സിലാണ് അ്‌ദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. അക്കൗണ്ട് റദ്ദാക്കിയ ഇന്ത്യയുടെ നടപടി ബുദ്ധിശൂന്യമാണെന്നും എംപി പറഞ്ഞു.
യുവാക്കള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇത്തരം വേദികള്‍ ആവശ്യമാണെന്നും വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമില്‍ 19 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ തനിക്ക് കൗതുകം തോന്നിയെന്നും തരൂര്‍ പറഞ്ഞു. ബുധനാഴ്ചയാണ് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത്.
‘യുവാക്കളുടെ നിരാശയും നിസ്സഹായാവസ്ഥയും എനിക്ക് മനസ്സിലാകും. അതുകൊണ്ടാണ് അവര്‍ ഈ കൂട്ടായ്മയെ ഇത്രത്തോളം പിന്തുണയ്ക്കുന്നത്. അതുകൊണ്ടുതന്നെ, ഇവരുടെ എക്‌സ് അക്കൗണ്ട് തടഞ്ഞുവെച്ച നടപടി തികച്ചും തെറ്റായ നടപടിയാണ്. യുവാക്കള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരിടം വേണം, അതിനാല്‍ സിജെപിയുടെ അക്കൗണ്ട് പൂട്ടിമുദ്രവയ്ക്കാതെ അത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഒരു ജനാധിപത്യ രാജ്യത്തില്‍ വിയോജിപ്പുകള്‍ക്കും തമാശകള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കും, എന്തിനേറെ മനുഷ്യരുടെ നിരാശകള്‍ പോലും തുറന്നുപറയാനുള്ള വേദികള്‍ ആവശ്യമാണ്’- തരൂര്‍ എക്‌സില്‍ കുറിച്ചു.
ഈ പ്രസ്ഥാനത്തിന്റെ ഭാവി എന്താകുമെന്ന് ഉറപ്പില്ലെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ തങ്ങളുടെ ഈ ഊര്‍ജ്ജം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു

