Spread the love

ന്യൂഡൽഹി: ഭർതൃവീട്ടിലെ മൂന്നാം നിലയിലെ മേൽക്കൂരയിൽ നിന്ന് വീണ് മരിച്ച 25കാരി ദീപിക നഗറിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് വിവരം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. മരണത്തിന് തൊട്ട് മുൻപ് യുവതി ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വീഴ്ചയുടെ ആഘാതത്തിന് പുറമെ, മരണത്തിന് തൊട്ടുമുൻപ് യുവതി ക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം ശരീരത്തിന്റെ അകത്തും പുറത്തുമായി മാരകമായ നിരവധി പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും, തലച്ചോറിലെ രക്തക്കട്ടയും ആന്തരികാവയവമായ പ്ലീഹ തകർന്ന നിലയിലുമായിരുന്നത് മാരകമായ ആഘാതത്തിന്റെ ലക്ഷണങ്ങളാണ്, എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ക്രൂരമായ മർദ്ദനത്തെത്തുടർന്ന് യുവതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ രക്തസ്രാവമുണ്ടായതായും ഹൃദയ അറകൾ പൂർണ്ണമായും രക്തമില്ലാതെ ശൂന്യമായ നിലയിലുമായിരുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ദീപികയുടെ പിതാവ് സഞ്ജയ് നഗർ നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് രിതിക് തൻവാറിനെയും അമ്മായിയപ്പനെയും പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ദീപിക ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഭർതൃവീടിന്റെ ടെറസിൽ നിന്ന് വീണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും 17 മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ദാരുണ സംഭവം. ഒരുകോടിയോളം രൂപ ചിലവഴിച്ച് ആഡംബരമായി നടത്തിയ വിവാഹത്തിന് പിന്നാലെയാണ് സ്ത്രീധനത്തിന്റെ പേരിൽ ദീപിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും ഒടുവിൽ ദാരുണമായി കൊല്ലപ്പെട്ടതും. ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ തന്നെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് കാണിച്ച് ദീപിക കരഞ്ഞുകൊണ്ട് അന്ന് പകൽ പിതാവിനെ വിളിച്ചിരുന്നു.

തുടർന്ന് പ്രശ്നം പരിഹരിക്കാനായി പിതാവ് സഞ്ജയ് നഗർ ഗ്രേറ്റർ നോയിഡയിലെ ഇവരുടെ വീട്ടിലെത്തി സംസാരിച്ച് മടങ്ങി മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം നടക്കുന്നത്. അന്ന് അർധരാത്രി 12.30ഓടെ ദീപിക കെട്ടിടത്തിന് മുകളിൽ നിന്ന് വീണെന്നും നേരിട്ട് ആശുപത്രിയിലേക്ക് എത്തണമെന്നും കാണിച്ച് ഭർതൃവീട്ടുകാർ സഞ്ജയിനെ വിളിക്കുകയായിരുന്നു. എന്നാൽ താൻ ആശുപത്രിയിൽ എത്തുമ്പോൾ മകൾ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പിതാവ് കണ്ണീരോടെ പറയുന്നു.

ഭർതൃവീട്ടുകാർക്ക് വിവാഹസമയത്ത് വൻ തുക നൽകിയിട്ടും അവരുടെ ആർത്തി അടങ്ങിയിരുന്നില്ലെന്ന് സഞ്ജയ് നഗർ ആരോപിക്കുന്നു. ‘സ്‌കോർപിയോ എൻ’ കാറും പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും അവർക്ക് നൽകിയിരുന്നു.

ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയും ഒപ്പം 45 മുതൽ 50 ലക്ഷം രൂപ വരെയും അവർ വീണ്ടും സ്ത്രീധനമായി ആവശ്യപ്പെട്ടു. എന്നിട്ടും അവർ തന്റെ മകളെ തല്ലിക്കൊന്നു കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിടുകയായിരുന്നു എന്ന് പിതാവ് ആരോപിച്ചു.