കോട്ടയം: അര്‍ഹതയുള്ള പലരെയും മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതില്‍ തനിക്ക് വിഷമമുണ്ടെന്നുമുളള നിയുക്ത മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ വിരൽ ചൂണ്ടുന്നത് എങ്ങോട്ട്. ഗവർണർക്ക് ലിസ്റ്റ് സമർപ്പിച്ച ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തൻറെ ഡ്രീം ക്യാബിനറ്റ് പൂർണ്ണമായും യാഥാർത്ഥ്യമായില്ലെന്ന് വരികൾക്കിടയിലൂടെ വ്യക്തമാക്കിയത്.
സാമുദായിക പ്രാതിനിധ്യത്തിലും വകുപ്പുകളിലും നായർ സമുദായത്തിന് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്പീക്കർ ഉൾപ്പെടെ ഇതേ സമുദായത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ പെരുന്ന താക്കോൽ സ്ഥാനത്തിനായി ഇനി മുറവിളി കൂട്ടില്ലെന്ന് തന്നെ കരുതാം. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ താക്കോൽ സ്ഥാനത്തിനായി പെരുന്ന ഉറഞ്ഞുതുള്ളുകയായിരുന്നു. എന്നാൽ രമേശ് ആഭൃന്തര മന്ത്രിയാകുന്നതൊടെ ഒരു മന്ത്രിസഭയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ വരുന്നത് പലരും ആശങ്കയോടെയാണ് കാണുന്നത്. മുൻമന്ത്രി കെ സി ജോസഫ് ഉമ്മൻചാണ്ടി മന്ത്രിസഭ അഭിമുഖീകരിച്ച പ്രതിസന്ധി ആവർത്തിക്കുമോ എന്ന ചോദ്യം ഉയർത്തിക്കഴിഞ്ഞു.
പൊതുവേ മുഖ്യമന്ത്രിമാരാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മാത്രമാണ് സമീപകാലത്ത് അതിൽ മാറ്റം വന്നത് . അത് പലപ്പോഴും അസ്വാരസ്യത്തിലേക്ക് വഴിതെളിക്കുകയും ചെയ്തു.
ക്രൈസ്തവ സഭാവിഭാഗങ്ങളിൽ പ്രത്യേകിച്ച് സീറോ മലബാർ കത്തോലിക്കാ സമുദായത്തിന് സതീശൻ മന്ത്രിസഭയിൽ മികച്ച പ്രാതിനിധ്യമുണ്ട്. എന്നാൽ ലത്തീൻ സമുദായം പ്രതിഷേധമുയർത്തികഴിഞ്ഞു.
പ്രബല സഭയായ ഓർത്തഡോക്സ് വിഭാഗത്തിനും പരിഗണന ലഭിച്ചില്ല. യാക്കോബായ പ്രാതിനിധ്യം അനുപ് ജേക്കബിൽ ഒതുങ്ങിയപ്പോൾ മനോരമയുടെ സഭയായ ഓർത്തഡോക്സ് സഭ പുറത്തായതിന്റെ വേദന വരുംദിനങ്ങളിൽ പ്രതിഫലിക്കാൻ സാധ്യതയേറയാണ്. മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പേര് അവസാനം വരെ പ്രചരിച്ചുവെങ്കിലും പിന്നീട് വെട്ടിപ്പോയി. രാഹൂൽ ബ്രിഗേഡിൽ പെട്ടയാളായിട്ടും സതീശനോട് അനുഭാവം പുലർത്തിയതാണ് കെസിയുടെ കണ്ണിലെ കരടായി മാറാൻ കാരണമായത്. .
ഇതിനകം തന്നെ ഇത് ഓർത്തഡോക്സ് സഭാവൃത്തങ്ങളിൽ അമർഷം പടർത്തിയിട്ടുണ്ട്.സതീശന്റെ തോളോട് തോളായി നിന്ന വിടി ബലറാമിനെയും ഇങ്ങനെ കെസി വെട്ടിമാറ്റി. കഴിഞ്ഞ മന്ത്രി സഭയിലെ മിന്നും താരമായി ജ്വലിച്ചുനിന്ന് പിണറായിയെ വെള്ളം കുടിപ്പിച്ച മാത്യു കുഴൽ നാടൻ പുറത്തായത് ലീഗിന്റെ അപ്രീതി മുലമെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട കുഴൽ നാടൻ മുഖൃമന്ത്രി ചർച്ചയിൽ കെസിക്ക് വേണ്ടി ലീഗിനെ വിമർശിച്ചതാണ് കാരണം. സതീശൻ പിന്തുണച്ചുമില്ല. പകരം റോജി എം ജോണിന് നറുക്ക് വീണു.
സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ വരെ കൃത്യമായ നിലപാടെടുത്ത മുസ്ലിം ലീഗിന് അഞ്ചു മന്ത്രി പദം ലഭിച്ചു. കൂടാതെ കോൺഗ്രസിൽ നിന്ന് രണ്ട് പേർക്കും ഭരണ പ്രാതിനിധ്യമുണ്ട്.
പിണറായി വിജയനായി എന്നും നാവു ഉയർത്തുന്ന വെള്ളാപ്പള്ളിയുടെ ഭീഷണി യുഡിഎഫ് തള്ളി. രണ്ട് ഈഴവ സമുദായ അംഗങ്ങൾക്കു മാത്രമാണ് മന്ത്രി പദം വന്നു ചേർന്നത്.
മറ്റ് സമവാക്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കഴിവും അര്‍ഹതയും ഉള്ള നിരവധിപേരെ ഒഴിവാക്കേണ്ടിവരികയായിരുന്നു, ഇതില്‍ സങ്കടമുണ്ടെന്ന് സതീശൻ വിശദീകരിച്ചതിന്റെ ആന്തരാർത്ഥം ഇതൊക്കെയാണ്. സ്വതന്ത്രമായി തീരുമാനമെടുക്കാൻ സതീശന് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.
മുഖ്യമന്ത്രിയോടൊപ്പം സമ്പൂര്‍ണ മന്ത്രിസഭയും നാളെ സത്യപ്രതിജ്ഞ ചെയ്യും. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു, നാളെ 21 പേര് സത്യപ്രതിജ്ഞ ചെയ്യുമെന്നും നിയുക്ത മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ അഞ്ച് മന്ത്രിമാരുള്ള മുസ്ലീം ലീഗ് ആണ് കൂടുതല്‍ പ്രാതിനിധ്യമുള്ള രണ്ടാമത്തെ കക്ഷി. പട്ടികജാതി വിഭാഗത്തിന് ഏറ്റവും അധികം പ്രാതിനിധ്യം നൽകുന്ന മന്ത്രിസഭയാണിതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
വി.ഡി സതീശന് പുറമേ രമേശ് ചെന്നിത്തല, കെ. മുരളീധരന്, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിമാര്‍. സ്പീക്കറായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനേയും തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസിനാണ് ചീഫ് വിപ്പ് സ്ഥാനം നല്‍കിയിരിക്കുന്നത്.

