Spread the love

കോട്ടയം :തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവല്ല വെൺപാല തൊഴുവത്തുംതറ വീട്ടിൽ ടി. ജി. രാജഗോപാലന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സനായ സ്മിത രാജഗോപാലിന്റെയും മകൻ ഗോവിന്ദ രാജ് (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ കാവുംഭാഗം അമ്പിളി പാലത്തിൽ ആണ് അപകടം.

തിരുവല്ല ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. ബൈക്കിൽ നിന്നും 15 അടിയോളം ദൂരത്തിലേക്ക് തെറിച്ച ഗോവിന്ദ രാജ് തോട്ടിലെ വെള്ളത്തിലേക്ക് വീണു. ശബ്ദം കേട്ട് എത്തിയ പരിസരവാസികൾ തെരച്ചിൽ നടത്തിയെങ്കിലും ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിലും അഗ്നിരക്ഷാനിലയത്തിലും വിവരമറിയിച്ചു.

ഇവർ എത്തി നടത്തിയ പരിശോധനയിലാണ് തോട്ടിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഗോവിന്ദനെ കണ്ടെത്തിയത്. ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.