ചന്ദനമാഫിയ റിപ്പോര്‍ട്ട് : ആന്ധ്രയില്‍ പ്രഭാത നടത്തത്തിനിടെ യുവ മാധ്യമപ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തി
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ചന്ദന മാഫിയ്ക്കെതിരായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് അക്രമി സംഘം യുവ മാധ്യമ പ്രവര്‍ത്തകനായ ജഗന്മോഹന് റെഡ്ഡിയെ കൊലപ്പെടുത്തിയത്. പ്രാദേശിക ദിനപത്രത്തിന്റെ പ്രതിനിധിയാണ്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുമായി റെഡ്ഡിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ചിറ്റൂര്‍ ജില്ലയിലെ ചന്ദന മാഫിയയെക്കുറിച്ചുള്ള റെഡ്ഡി റിപ്പോര്‍ട്ടുകള്‍ അടുത്തയിടെ പ്രസിദ്ധീകരിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ സംഘടനകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന് സംഭവത്തില്‍ ആശങ്കയും രേഖപ്പെടുത്തി.
അക്രമി സംഘം പ്രഭാത നടത്തത്തിനിടെ പിന്തുടര്ന്ന് വെട്ടുകയുംകുത്തുകയുമായിരുന്നു. ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ചു കിടന്ന റെഡ്ഡിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 10 പേരുളള സംഘമാണ് ആക്രമണം നടത്തിയത്. ആന്ധ്രജ്യോതിയുടെ റിപ്പോര്‍ട്ടറാണ് റെഡ്ഡി.

