Spread the love

ബംഗാളില്‍ ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ്,ഇന്ന് മുതല്‍ എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍. മെയ് നാലിന് വോട്ടെണ്ണല്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഷെഡ്യൂളില്‍ പശ്ചിമ ബംഗാള്‍ ഇലക്ഷന്‍ ഇന്ന് പൂര്‍ണമാകുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. വൈകുന്നേരം ആറിന് പോളിംഗ് അവസാനിച്ചശേഷമായിരിക്കും വിവിധ ഏജന്‍സികളും ചാനലുകളും സ്വതന്ത്രമായി തയാറാക്കിയ ഫലങ്ങള്‍ പുറത്തുവിടുക. പ്രീപോള്‍ സര്‍വേകളില്‍ വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും പ്രവചിച്ചിരുന്നില്ല. അതേ സമയം യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ അവകാശവാദം തുടരുകയാണ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

2021 ല്‍ തെരഞ്ഞെടുപ്പിന് ശേഷം വോട്ടര്‍മാരെ കണ്ടു തയാറാക്കുന്ന എക്‌സിറ്റ് പോളില്‍ കൂടുതലും ഇടതുമുന്നണിയെ അനുകൂലിക്കുന്നതായിരുന്നു.77 മുതല്‍ 104 സീറ്റുവരെയാണ് അന്നു പ്രവചിച്ചത്. യുഡിഎഫിന് മുന്‍തൂക്കം നല്‍കിയത് ഒരു ഏജന്‍സി മാത്രം. എന്‍ഡിഎയ്ക്ക് സീറ്റു പ്രവചിച്ചുവെങ്കിലും കിട്ടിയില്ലെന്നുമാത്രമല്ല നേമം സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. അവിടെ സിപിഎമ്മിലെ വി. ശിവന്‍കുട്ടി വിജയിക്കുകയും ചെയ്തു. സംസ്ഥാനത്ത് പലയിടത്തും കടുത്ത മത്സരമാണ് ഇക്കുറി നടന്നത്. മുസ്ലീം ലീഗ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സിപിഎം പുറമേ പ്രകടിപ്പിക്കുന്നില്ലെങ്കിലും ഭരിക്കാനാവുന്ന ഭൂരിപക്ഷം ലഭിക്കുമെന്നു തന്നെയാണ് ഉന്നത തലത്തിലുളള കണക്കുകൂട്ടല്‍.