പാമ്പുകടിയേറ്റു രണ്ടു മരണം, എഴുപേര്‍ക്ക് കടിയേറ്റു, ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്മാര്വേണമെന്ന് ഡോക്ടര്‍മാരുടെ സംഘടന
വേനല്‍ചൂട് വര്‍ധിക്കവേ സംസ്ഥാനത്ത് പാമ്പുകടിയേല്ക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു.ഇടുക്കി കണ്ണൂര്‍ ജില്ലകളിലായി രണ്ടു വീട്ടമ്മമാര്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ താന്നിക്കപ്പാറയില്‍ വിശാലാക്ഷിക്ക് (86) മാങ്ങ പറിക്കുന്നതിനിടെയാണു പാമ്പുകടിയേറ്റത്. തളിപ്പറമ്പില്‍ വീടിനുള്ളില്‍ വച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പട്ടുവം മുതുകുട കല്ലടത്ത് നബീസ (65) ആണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ നബീസയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പുകടിച്ചതെന്ന് മനസ്സിലായത്. വിശാലാക്ഷിക്ക് ആശുപത്രിയിലെത്തിച്ച് ആന്റിവെനം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
വിറകെടുക്കുന്നതിനിടെ പാമ്പുകടിയേറ്റ കണ്ണൂര്‍ പട്ടുവം കാവുങ്കലിലെ നമ്പ്രോന്‍ നാരായണി (77) വെന്റിലേറ്ററിലാണ്. കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്നലെ പാമ്പുകടിയേറ്റു.
- അതിനിടെ പുതിയ സാഹചര്യത്തില്‍ ആശുപത്രികളിലെ സൗകര്യവും ഡോക്ടര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കണമെന്ന് കേരള ഗവ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പാമ്പുകടിയും മരണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം.അത്യാഹിതവിഭാഗത്തില്‍ ഒരേസമയം ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം
- പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുവരെ താത്കാല നിയമനം നടത്തണം
- പാമ്പ് കടിയേറ്റവരെ സദാസമയം നിരീക്ഷിക്കാന്‍ ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കഴിയണം
- ആന്റിവെനം ലഭ്യമായ ആശുപത്രികളില്‍ ഐ.സി.യു വെന്റിലേറ്റര്‍ സൗകര്യം ഉറപ്പാക്കണം
രോഗലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സിക്കുന്ന സംവിധാനം നിലവില്‍ വന്നാല്‍ മാത്രമേ അത്യാസന്ന നിലയിലുള്ളവര്‍ക്ക് വേഗത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കൂ. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ക്ക് ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണം.

