മാർപ്പാപ്പയെ ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ട്രംപ്; ട്രംപ് ഭരണകൂടത്തെ ഭയമില്ലന്ന് തിരിച്ചടിച്ച് മാർപ്പാപ്പ
വത്തിക്കാൻ: ലിയോ 14-)മൻ മാർപ്പാപ്പയെ ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ട്രംപ്; ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്ന് മാർപ്പാപ്പ.
അമേരിക്ക നടത്തുന്ന ഇറാൻ യുദ്ധത്തിനെതിരെ മാർപ്പാപ്പ പ്രതികരിച്ചതിൽ കുപിതനായി പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്.
കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബലമാണെന്നും വത്തിക്കാന്റെ വിദേശ നയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ ആണവ മോഹങ്ങൾ പോലുള്ള ഭീഷണികളെ മാർപ്പാപ്പ അവഗണിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ മാർപ്പാപ്പ വിമർശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാർപ്പാപ്പയായി തിരഞ്ഞെടുത്തതെന്ന് ട്രംപ് ആരോപിച്ചു. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചു. മാർപ്പാപ്പയുടെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡൊണാൾഡ്
ട്രംപുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് മാർപ്പാപ്പക്കെതിരെ വിമർശനമുന്നയിച്ചത്.
അതേ സമയം ട്രംപിന്റെ ഭീഷണികളെ തള്ളി മാർപ്പാപ്പ .യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പാപ്പ വൃക്തമാക്കി. ഇന്ന് അള്‍ജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തില്‍ ശക്തമായ പ്രതികരണം നടത്തിയത്. താന്‍ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു.
“ഇത് വായിക്കുന്ന ആളുകൾക്ക് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല, അദ്ദേഹവുമായി (ട്രംപ്) ഒരു സംവാദത്തിൽ ഏർപ്പെടാൻ എനിക്ക് ഉദ്ദേശ്യമില്ല. മറിച്ച്, നമുക്ക് എപ്പോഴും സമാധാനം തേടുകയും യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാം. എനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല- ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്; ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. ചില ആളുകൾ ചെയ്യുന്ന രീതിയിൽ സുവിശേഷത്തിന്റെ സന്ദേശം ദുരുപയോഗം ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല.”- ലെയോ പാപ്പ വ്യക്തമാക്കി.
യുദ്ധത്തിനെതിരെ ഞാൻ ഉറക്കെ ശബ്ദിക്കുന്നത് തുടരും, പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങൾക്കിടയിൽ സമാധാനവും ബഹുമുഖ സംഭാഷണവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും. സഭയുടെ സന്ദേശം സുവിശേഷത്തിന്റെ സന്ദേശമാണ്: സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ.”- തന്റെ ദൗത്യത്തെ രാഷ്ട്രീയമായി കാണുന്നില്ലെന്നും ലെയോ പാപ്പ വ്യക്തമാക്കി.
ഇറാനിലെ നാഗരികത മുഴുവൻ ഒറ്റദിനം കൊണ്ട് നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ പോപ്പ് ലിയോ രംഗത്തുവന്നിരുന്നു. പണത്തോടുള്ള ആരാധനയും ബലപ്രയോഗവും യുദ്ധവും മതിയാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഭാഷണത്തിലൂടെയുള്ള സമാധാനമാണ് വേണ്ടതെന്ന് തന്റെ ഈസ്റ്റർ സന്ദേശത്തിലും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആയുധങ്ങൾ താഴെ വെക്കാനും സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കാനും അധികാരികളോട് മാർപ്പാപ്പ അഭ്യർത്ഥിച്ചു.
ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും കത്തോലിക്കാ സഭയുടെ തലവനും തമ്മിലുള്ള ഈ പരസ്യമായ പോര് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

