ദില്ലി: തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തോട് കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. സുധാകരൻ കണ്ണൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായാണ് വിവരം. എംപിമാർക്ക് സീറ്റില്ലെന്ന് നേതൃത്വം തീരുമാനിച്ചതുമുതൽ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നാൽ ഉടനെ തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ വാർത്താസമ്മേളനമുണ്ടായേക്കും.
അതേസമയം വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺഗ്രസും. സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ‘ബാക്കി നാളെ നോക്കാം’ എന്ന് മാത്രം സഹായികളോട് പറഞ്ഞാണ് സുധാകരൻ ഉറങ്ങാനായി പോയതെന്നാണ് വിവരം.അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരും. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.

