Spread the love

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജയകുമാർ. നമ്മുടെ എല്ലാം ഗിന്നസ് പക്രു. പലപ്പോഴും കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം.

ഗിന്നസ് പക്രുവും ഭാര്യ ഗായത്രിയും തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ ഇരുപതാം വാർഷികം ആഘോഷിച്ചു. ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും പകരം പ്രാർത്ഥനകളിലും ഓർമ്മകളിലും ഒതുങ്ങിയ ഈ വിവാഹവാർഷിക ദിനത്തിൽ, തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ താരം ആരാധകർക്കായി പങ്കുവെച്ചു.

എന്നാൽ ഇരുപതാം വിവാഹവാർഷികത്തിലും ഇരുവരും കേക്ക് മുറിച്ചുള്ള വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നിൽ നോവുന്ന ഒരു ഓർമ്മയുണ്ട്. “ഞങ്ങളുടെ ഒരു മകളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ആ കുഞ്ഞ് 18 ദിവസം മാത്രമാണ് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. മാർച്ച് ആറിനാണ് ആ മകൾ യാത്രയായത്. തൊട്ടുപിന്നാലെ മാർച്ച് എട്ടിനാണ് ഞങ്ങളുടെ വിവാഹവാർഷികം. ആ വേദന ഉള്ളതുകൊണ്ടാണ് വലിയ ആഘോഷങ്ങൾ ഒഴിവാക്കി ഞങ്ങൾ ക്ഷേത്ര ദർശനത്തിൽ മാത്രം ഒതുങ്ങുന്നത്,” – പക്രു പറയുന്നു.

2006 ല്‍ ആയിരുന്നു അജയ് കുമാര്‍ എന്ന ഗിന്നസ് പക്രുവിന്റെയും ഗായത്രി മോഹന്റെയും വിവാഹം. വാർഷിക ദിനത്തിൽ തന്റെ വിവാഹനാളിലെ രസകരമായ ഒരു അപകടത്തെക്കുറിച്ചും താരം പറയുന്നുണ്ട് . കല്യാണം കഴിഞ്ഞ് മീനച്ചിലാറിന്റെ കടവിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫർ വള്ളത്തിന്റെ കെട്ടഴിച്ച് വിട്ടു. കാറ്റിൽ വള്ളം ആറ്റിലേക്ക് ഒഴുകിയതോടെ പക്രുവും ഗായത്രിയും ഭയന്നുപോയി. ഒടുവിൽ താരം തന്നെ ധൈര്യത്തോടെ തുഴഞ്ഞ് രണ്ട് കടവിനപ്പുറം വള്ളം കരയ്ക്കടുപ്പിക്കുകയായിരുന്നു.