Spread the love

 

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. തിരുവനന്തപുരത്ത് തുടര്‍ ചികിത്സ

കോഴിക്കോട് :കഴുത്തിന് ക്ഷതമേറ്റു ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഡിസ്ചാര്‍ജ് ചെയ്തു. പുലര്‍ച്ചെ നാലുമണിയോടെയാണ് മന്ത്രി ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലേതാണ് തീരുമാനം.റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് ക്ഷതമേറ്റത്.

മന്ത്രിയും സംഘവും റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്കു തിരിച്ചു. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരം ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലും മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശ്വാസമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചത്. കഴുത്തിലെ കശേരുകള്‍ക്കിടയിലെ ഡിസ്‌ക്കുകള്‍ രണ്ടിടങ്ങളില്‍ നാഡിയില്‍ അമര്‍ന്നതാണ് കടുത്ത വേദനയ്ക്ക് കാരണമായത്. വേദന വലതുകൈയിലേക്കും തലയുടെ പിന്‍ഭാഗത്തേക്കും പടരുന്ന സ്വഭാവമുള്ളതായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രണത്തിലായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് കെഎസ്യു നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.