പാലക്കാട് : പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. നൗഷിജയെ ഫെബ്രുവരി 16-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നൗഷിജ ഒൻപത് മാസം ഗർഭിണിയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ നൗഷിജ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു.

