തുടര്‍ച്ചായി രണ്ട് ഇടതുമുന്നണിയോഗത്തിലെ അസാന്നിധ്യം. മുഖ്യമന്ത്രി നയിച്ച കേന്ദ്രവിരുദ്ധ സമരത്തിലും ജോസ് ഇല്ല. അഭ്യൂഹം ശക്തം
കോട്ടയം : ജോസ് കെ മാണി എല്‍ഡിഎഫുമായി അകലുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്രവിരുദ്ധ സമരത്തിലെ അസാന്നിധ്യം രാഷ്ട്രീയ ചര്‍ച്ചയായി. എല്‍ഡിഎഫിന്റെ മേഖലാ ജാഥാ ക്യാപ്ടനായും ജോസ് കെ മാണി ഉണ്ടാവില്ലെന്നാണ് സൂചനകള്‍. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അസൗകര്യം അറിയിച്ചുവത്രെ. പകരം ചീഫ് വിപ്പ് എന്‍.ജയരാജിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ സമ്മര്‍ദം ശക്തമായാല്‍ ജാഥയുടെ തുടക്കത്തില്‍ പങ്കെടുത്ത ശേഷം പിന്മാറിയേക്കും. 16 ന കോട്ടയത്ത് നടക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിനു ശേഷം ജോസ് കെ മാണി നിര്‍ണായക തീരുമാനത്തിലേക്ക് പോയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മുന്നണി മാറണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ വിട്ടുനില്‍ക്കല്‍. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും ജോസ് കെ.മാണി പങ്കെടുത്തിരുന്നില്ല. അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹ സമരത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും എന്‍.ജയരാജും പങ്കെടുത്തിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് എല്‍ഡിഎഫിന്റെ മറ്റു രണ്ട് മേഖലാ ജാഥകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗോവിന്ദന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരത്തുനിന്ന് തുടങ്ങും. ബിനോയ് വിശ്വം ക്യാപ്റ്റനായ തെക്കന്‍മേഖലാജാഥ ഫെബ്രുവരി നാലിന് തൃശ്ശൂര്‍ ചേലക്കരയില്‍നിന്നും ആരംഭിക്കും. മധ്യമേഖലാ ജാഥ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ആറിന് അങ്കമാലിയില്‍നിന്ന് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് മേഖല ജാഥകള്‍ സംഘടിപ്പിക്കുന്നത്.

