Spread the love

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ , ശബരിമല തന്ത്രിയുടെ അറസ്റ്റ് വിവാദം കൂടി വന്നതോടെ കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള ക്രൈസ്തവ സഭകളുടെ ഇടപെടൽ ശക്തമായി. പ്രത്യക്ഷത്തിൽ കേരള കോൺഗ്രസ് എം യുഡിഎഫ് ചർച്ച ഇല്ലെങ്കിലും അണിയറ നീക്കങ്ങൾ ശക്തമായി. 16ന് ചേരുന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സീറ്റുകളും തീരുമാനിക്കും. ഇടതുമുന്നണിയുടെ ഭാഗമായുള്ള സീറ്റുകളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുക.

എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരം പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ കൂടി നഷ്ടമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എന്നാണ് വിലയിരുത്തൽ. ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ച് ഭൂരിപക്ഷ വോട്ടുകൾ ഉറപ്പിക്കാം എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ ശബരിമല തന്ത്രിയുടെ അറസ്റ്റോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസ് , കടകംപള്ളി സുരേന്ദ്രൻ എന്നിവരെ തൊടാതെ പ്രത്യക്ഷത്തിൽ കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് വിശ്വസിക്കുന്ന ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തതോടെ കാര്യങ്ങൾ തകിടം മറിഞ്ഞ മട്ടാണ്. തന്ത്രിയ്ക്ക് പിന്നിൽ ബിജെപിയും സംഘപരിവാർ ശക്തികളും കൈകോർത്തതോടെ സിപിഎം വല്ലാതെ വിയർക്കുകയാണ്.

ബിജെപിക്ക് രാഷ്ട്രീയ മൈലേജ് ലഭിക്കുന്നതിൽ സിപിഎമ്മിന് ഉള്ളിൽ വിരോധമില്ലെങ്കിലും അത് യുഡിഎഫ് ഹൈജാക്ക് ചെയ്യുമോ എന്ന ഭയം ഇല്ലാതില്ല.തന്ത്രിയുടെ അറസ്റ്റിനെ വിമർശിക്കുന്നില്ലെങ്കിലും മന്ത്രിമാരെ വെറുതെ വിടുന്നതിനോട് കോൺഗ്രസ് വിയോജിക്കുന്നു. ഈ നിലപാട് എപ്പോൾ വേണമെങ്കിലും മാറാം എന്നുള്ളതാണ് സൂചന.

മകരവിളക്ക് സമയത്ത് ശബരിമലയുമായി ആത്മീയ ബന്ധമുള്ള തന്ത്രി കുടുംബത്തിലെ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് പൊതുവേ വിശ്വാസികളെയും വേദനിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുണ്യമായ സമയം തന്നെ പോലീസ് നടപടിക്ക് തെരഞ്ഞെടുത്തതാണ് വിമർശനത്തിനിടയാക്കിയിട്ടുള്ളത്. പ്രതികാര നടപടി എന്നുള്ള രീതിയിലുള്ള ഓൺലൈൻ അവലോ അവലോകനങ്ങളും വ്യാപകമാണ്.

കേരള കോൺഗ്രസിനെ വല്ലാതെ വെട്ടിലാക്കിയിരിക്കുന്ന രാഷ്ട്രീയ സാഹചര്യം ആണ് നിലവിൽ. കോട്ടയം ആസ്ഥാനമായ കേരള കോൺഗ്രസിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ഭൂരിപക്ഷ ജനതയുണ്ട്. ശബരിമല സ്വർണ്ണക്കൊള്ള ഇനിയും കത്തിയാൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ഇലക്ഷനിൽ ബുദ്ധിമുട്ടിലാകും.

ഇത് മനസ്സിലാക്കിയാണ് ക്രൈസ്തവ നേതൃത്വം ജോസ് കെ മാണിയെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് വേഗത്തിലാക്കിയത്. കഴിഞ്ഞദിവസം വി ഡി സതീശനുമായി ക്രൈസ്തവ അധ്യക്ഷന്മാർ ചർച്ച നടത്തിയത് ഇക്കാര്യമാണെന്നാണ് രാഷ്ട്രീയ സംസാരം.

സീറ്റ് കാര്യത്തിലുള്ള തർക്കമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിൽ ഉള്ളപ്പോൾ കേരള കോൺഗ്രസ് എം ആവശ്യപ്പെടുന്നത്ര സീറ്റുകൾ നൽകാൻ യുഡിഎഫിന് കഴിയില്ല. എന്നാൽ ലീഗിന്റെ അനുകൂല നിലപാട് ജോസ് കെ മാണിക്ക് ഗുണകരമാണ്.

പാർട്ടി കഴിഞ്ഞതവണ മത്സരിച്ചു വിജയിച്ച അഞ്ചു സീറ്റുകളും കൂടാതെ പാലാ കുറ്റ്യാടി സീറ്റുകളും ആണ് നിലവിൽ മാണി വിഭാഗത്തിന് ഓഫർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ കുറഞ്ഞത് 10 സീറ്റ് എങ്കിലും ആണ് ജോസ് കെ മാണി വിഭാഗം ആഗ്രഹിക്കുന്നത്. ഇതാണ് ചർച്ചകളിലെ പ്രധാന തടസ്സം.

കേരള കോൺഗ്രസ് എം എൽഡിഎഫിന്റെ ഭാഗമായി തുടരുമെന്ന് ജോസ് ആവർത്തിക്കുമ്പോഴും അണികളും രണ്ടാം നിര നേതൃത്വവും ഉത്കണ്ഠയിലാണ്. പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ യുഡിഎഫിന്റെ ഭാഗമാകണമെന്നും ആണ് അണികളിൽ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിലും ഇത്തരം കുറിപ്പുകൾ വ്യാപകമാണ്.

 

പക്ഷേ അർഹിക്കുന്ന സീറ്റുകൾ ലഭിക്കാതെ യുഡിഎഫിലേക്ക് വലിഞ്ഞു കയറി ചെല്ലാൻ കേരള കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നില്ല. നിലവിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ച പൂഞ്ഞാർ മണ്ഡലം മാത്രമാണ് കേരള കോൺഗ്രസ് എമ്മിന് സുരക്ഷിതമായിട്ടുള്ളത്. ശേഷിക്കുന്ന മണ്ഡലങ്ങളെല്ലാം തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലെ വികാരപ്രകടനം അനുസരിച്ചാണെങ്കിൽ കൈവിട്ടുപോകും. അതിനാൽ യുഡിഎഫിൽ ചേക്കേറാനുള്ള അണികളുടെ സമ്മർദ്ദം ജോസ് കെ മാണിയിൽ ഉണ്ട്. അതോടൊപ്പം എൽഡിഎഫിൽ നിലനിർത്താനായി സിപിഎം എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ്. പക്ഷേ അനുദിന മോശമാകുന്ന പ്രതിച്ഛായ പാർട്ടി നേതൃത്വത്തിനും ബോധ്യമുണ്ട്.