Spread the love

തമിഴ്‌നാട്ടിൽ ഒരു ഡെലിവെറി ബോയ്‌യുടെ അവസരോചിതമായ ഇടപെടൽ ഒരു യുവതിയുടെ ജീവൻ രക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാത്രി വൈകി വന്ന ഒരു ഓർഡർ ശ്രദ്ധിച്ച ഏജന്റിന് തോന്നിയ ചെറിയൊരു സംശയമാണ് വലിയൊരു ദുരന്തം തന്നെ ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി 10 മണി കഴിഞ്ഞ സമയത്താണ് ചെന്നൈയിലെ ഒരു യുവതി ബ്ലിങ്കിറ്റ് വഴി ‘എലിവിഷം’ ഓർഡർ ചെയ്തത്. എന്നാൽ ഡെലിവറി ഏജന്റായ യുവാവിന് എന്തോ ഒരു പന്തികേട് തോന്നി. യുവതി എന്തിനാവും അസമയത്ത് എലിവിഷം മാത്രം ഓർഡർ ചെയ്തത് എന്തിനായിരിക്കും എന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കി.

ആദ്യം ഓര്‍ഡര്‍ എടുക്കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായി. തുടർന്ന് ഓര്‍ഡര്‍ സ്വീകരിക്കാമെന്നും അവിടെ വരെ പോയി നോക്കാമെന്നും യുവാവ് തീരുമാനിച്ചു. അവിടെയെത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന യുവതിയെയായിരുന്നു കണ്ടതെന്നാണ് യുവാവ് വിഡിയോയില്‍ പറയുന്നത്.

യുവാവ് ആ യുവതിയോട് വളരെ സൗമ്യമായി സംസാരിച്ചു. തനിക്ക് ദോഷകരമായ ചിന്തകളൊന്നുമില്ലെന്ന് അവർ പറഞ്ഞെങ്കിലും, ആ വാക്കുകൾ യുവാവ് വിശ്വസിച്ചില്ല. അദ്ദേഹം അവിടെ തന്നെ നിന്നു. “ജീവൻ അമൂല്യമാണ്, പ്രതിസന്ധികൾ കടന്നുപോകും, ഒരിക്കലും സ്വന്തം ജീവൻ അപകടത്തിലാക്കുന്ന തീരുമാനങ്ങൾ എടുക്കരുത്” എന്ന് അദ്ദേഹം ആ യുവതിയെ ഓർമ്മിപ്പിച്ചു. യുവതിയെ ആശ്വസിപ്പിച്ച ശേഷം ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യിച്ചു. വിഡിയോ സാമൂഹികമാധ്യമം ഏറ്റെടുത്തു. നിരവധി പേര്‍ യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് അഭിപ്രായം പങ്കിട്ടു.