Spread the love

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. തനിക്ക് ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി.Rahul Mamkootathil faces forced abortion allegation

രാഹുൽ വീഡിയോ കോൾ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് താൻ ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് താൻ സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു.

യുവതിയുടെ വാട്സാപ് സന്ദേശങ്ങൾ മുൻപ് പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വനിതാ സെല്ലിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാത്രി മൊഴിയെടുത്തത്. അതേസമയം 10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുലിനുമേൽ ചുമത്തിയിരിക്കുന്നത്. പരാതിവരട്ടെ എന്നാണ് രാഹുൽ ഇതുവരെ പറ‍ഞ്ഞിരുന്നത്. പരാതി വന്നതോടെ രാഹുൽ മുൻകൂർ ജാമ്യത്തിനു നീക്കം തുടങ്ങി. ഗർഭഛിദ്രം നടത്തിയതിനു മെഡിക്കൽ രേഖകൾ മതിയായ തെളിവാണെന്ന് പൊലീസ് പറയുന്നു.

അതിനിടെ ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുല്‍ കേരളം വിട്ടെന്നാണ് സൂചന. രാഹുലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫാണ്. രാഹുലിനെ തേടി പാലക്കാടും പത്തനംതിട്ടയിലും പൊലീസ് അന്വേഷണം തുടരുകയാണ്.