Spread the love

ഗുരുവായൂർ: വൃശ്ചിക ദിനത്തിൽ ദർശനത്തിന് എത്തിയ ഭക്തരും തമ്മിൽ വാക്കേറ്റം. കശപിശ

ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള ക്യൂവിൽ ആയിരുന്നു സംഭവം. മുതിർന്നവർക്കും ക്ഷേത്രജീവനക്കാരുടെയും കുടുംബാംഗങ്ങൾക്കും ഉള്ള
പ്രത്യേക വരിയിൽ നിന്നവരും
ജീവനക്കാരും തമ്മിലാണ് വാഗ്വാദം ഉണ്ടായത്.

ഗുരുവായൂരിലെ ആയിരം രൂപ പ്രത്യേക ദർശന ക്യൂവിനെ മാത്രം കടത്തിവിടുകയും ഇതര ഭക്തരുടെ നിര നിയന്ത്രിക്കുകയും ചെയ്തതോടെയാണ് ഇതേക്കുറിച്ച് ചോദ്യം ഉയർന്നത്.

വരിയിൽ നിന്ന ചിലർ ഇത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ രണ്ട് ഗാർഡുകൾ ഭക്തരോട് കയർത്തു സംസാരിക്കുകയായിരുന്നു. സൗകര്യമുണ്ടെങ്കിൽ വരിയിൽ നിന്നാൽ മതി അല്ലെങ്കിൽ ഇറങ്ങിപ്പോകാമെന്ന് വൃദ്ധ അടക്കമുള്ളവരുടെ മുഖത്ത് നോക്കി ജീവനക്കാർ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.

ക്ഷേത്രദർശനം കഴിഞ്ഞ് ഭക്തർ പുറത്തേക്ക് വരുന്ന
തെക്കേ വാതിലിന് സമീപം ആയിരുന്നു ക്യൂ നിയന്ത്രിച്ചു നിർത്തിയിരുന്നത്. ഏറെനേരം നിന്നിട്ടും ജീവനക്കാർ കടുംപിടുത്തം ഉപേക്ഷിച്ചില്ല.
ഇതിനിടെ പ്രായാധിക്യമുള്ള രണ്ടുപേർ അനുവാദം വാങ്ങി പുറത്തേക്ക് പോവുകയും ചെയ്തു. ക്യൂവിൽ നിന്ന ചിലർക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വെള്ളം നൽകുകയും ചെയ്തു.

പ്രസ്തുത വരിയിലെ ഭക്തരെ മാത്രം ദർശനത്തിന് മുന്നോട്ടു
വിടാത്തത് കണ്ട് നീല മേൽവസ്ത്രം ധരിച്ച ജീവനക്കാരൻ എത്തി ദർശനത്തിന് അനുവദിക്കാൻ നിർദ്ദേശിച്ചു.

ഷോലയിലെ വില്ലൻ്റെ നാമധേയത്തിലുള്ള ജീവനക്കാരനാണ് ക്ഷേത്രാങ്കണത്തിൻ്റെ പവിത്രതയ്ക്ക് ചേരാത്ത രീതിയിൽ കയർത്തു സംസാരിച്ചത്. ഗുരുവായൂരിലെ
ദർശനത്തിനിടെ ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായതായി ഭക്തർ പറയുകയുണ്ടായി.

ഗുരുവായൂരിൽ നെയ് വിളക്ക് ദർശനം എന്ന പേരിൽ ഒരാൾക്ക് ആയിരം രൂപ ഈടാക്കിയുള്ള പ്രത്യേക ദർശന സംവിധാനം നിലവിൽ വന്നതോടെ സാധാരണ ദർശനത്തിന് എത്തുന്നവരോടുള്ള സമീപനത്തിൽ മാറ്റം വന്നതായി പൊതുവിമർശനമുണ്ട്.