കോട്ടയം: കോട്ടയം അതിരൂപതയിലെ മുഴുവൻ ക്നാനായ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പരിശുദ്ധ കത്തോലിക്കാ സഭ പ്രഖ്യാപിച്ചിരിക്കുന്ന മഹാജൂബിലി വർഷത്തിന്റെയും സമുദായ ശാക്തീകരണവർഷത്തിൻ്റെയും പ്രാധാന്യമുൾക്കൊണ്ടുകൊണ്ട് അൽമായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ്റെയും ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും പങ്കാളിത്തത്തോടെ ക്നാനായ കത്തോലിക്കാ സമുദായ കുടുംബസംഗമവും സമുദായശാക്തീകരണവർഷത്തിൻ്റെ ഉദ്ഘാടനവുംനവംബർ മാസം 2-ാം തീയതി ഞായറാഴ്ച്ച കോട്ടയത്ത് സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ബി.സി.എം കോളേജ് മുറ്റത്ത് കെ.സി.സി പ്രസിഡൻ്റ് ബാബു പറമ്പെടുത്തുമലയിൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്കു തുടക്കമാകും.
2.45 ന് മെഗാ മാർഗ്ഗംകളി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ തിരിതെളിക്കും. അതിരൂപതാ ചാൻസലർ ഫാ. തോമസ് ആദോപ്പിള്ളിൽ സന്ദേശം നല്കും.
ക്നാനായസമുദായത്തിൻ്റെ തനതുകലാരൂപമായ മാർഗ്ഗംകളിയെ അതിൻ്റെ തനിമ നിലനിർത്തിക്കൊണ്ട് സംരക്ഷിക്കുക, എല്ലാ ജനങ്ങളിലേക്കും എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന മെഗാമാർഗ്ഗംകളിയിൽ നൂറുകണക്കിനുപേർ അണിനിരക്കും. മെഗാ മാർഗ്ഗംകളിയെത്തുടർന്ന് സമുദായത്തിന്റെ പാരമ്പര്യങ്ങൾ വിളിച്ചോതുന്ന ഫ്ളോട്ടുകളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണ്ണപ്പകിട്ടാർന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി ബി.സി.എം. കോളേജിലേക്ക് നടത്തപ്പെടും. ഷെവലിയാർ ജോയി ജോസഫ് കൊടിയന്തറ ഫ്ളാഗ് ഓഫ് ചെയ്യും. മലബാർ ഉൾപ്പടെ 14 ഫൊറോനകളിൽ നിന്നായി ഏഴായിരത്തിലധികം സമുദായ അംഗങ്ങൾ പങ്കെടു ക്കുന്ന വർണ്ണശബളമായ റാലി ക്നാനായ സമുദായത്തിൻ്റെ തനിമയും പൈതൃകവും വിളംബരം ചെയ്യും.
റാലി ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരുമ്പോൾ ക്നാനായ സമുദായ ചരിത്ര നാൾവഴി ഉൾക്കൊള്ളുന്ന വീഡിയോ അവതരണം നടത്തപ്പെടും. തുടർന്ന് 4.15 ന് കെ.സി.സി പ്രസിഡന്റും കുടുംബസംഗമത്തിൻ്റെ ചെയർമാനുമായ ബാബു പറമ്പെടുത്തുമലയിലിൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലുസും കെ.സി.സി ചാപ്ലെയിനുമായ ഫാ. തോമസ് ആനിമൂട്ടിൽ ആമുഖസന്ദേശം നല്കും ബഹു. കേരള തുറമുഖ-സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ, ബഹു. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിക്കും. അതിരൂപതാ സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഗീവർഗീസ് മാർ അപ്രേം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്ജ്, കോട്ടയം അതിരൂപതാ സിഞ്ചെല്ലൂസും രാഷ്ട്രദീപിക ലിമിറ്റിഡ് എം.ഡിയുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈദിക സമിതി സെക്രട്ടറി അബ്രാഹം പറമ്പേട്ട്, ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടറും കെ.സി.സി മലബാർ റീജിയൺ ചാപ്ലെയിനുമായ ഫാ. ജോയി കട്ടിയാങ്കൽ, കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, സന്യാസിനി സമൂഹ പ്രതിനിധി സി. ഇമ്മാക്കുലേറ്റ് എസ്.വി.എം. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെ.സി.വൈ.എൽ പ്രസിഡൻ്റ് ജോണിസ് പി. സ്റ്റീഫൻ, ഫാ. സുനിൽ പെരുമാനൂർ എന്നിവർ സംസാരിക്കും. കെ.സി.സി ജനറൽ സെക്രട്ടറിയും കുടുംബസംഗമം ജനറൽ കൺവീനറുമായ ബേബി മുളവേലിപ്പുറം സ്വാഗതവും കെ.സി.സി ട്രഷറർ ജോൺ തെരുവത്ത് നന്ദിയും പറയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. വൈകുന്നേരം 6.30 ന് കലാസന്ധ്യയും തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെടുമെന്ന് കെ.സി.സി ഭാരവാഹിക.ളായ ഫാ. തോമസ് ആനിമൂട്ടിൽ (ചാപ്ലെയിൻ കെ.സി. സി & പ്രോ – പ്രോട്ടോ സിഞ്ചെല്ലൂസ് കോട്ടയം അതിരൂപത) ബേബി മുളവേലിപ്പുറത്ത് (സെക്രട്ടറി, കെ.സി.സി) .എന്നിവർ അറിയിച്ചു എന്നിവർ അറിയിച്ചു

