കോട്ടയം : പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സിപിഐയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയിലെ ഘടകകക്ഷിയാവാന്‍. ഇന്ത്യാ സഖ്യത്തിന്റെ അതേ മാതൃക കേരളത്തിലും പ്രാവര്‍ത്തികമാക്കണമെന്നാണ് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തിന്റെ ആഗ്രഹം. കേരളത്തില്‍ മാത്രം ഭരണമുള്ള സിപിഎം നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ശ്വാസംമുട്ടി കഴിയേണ്ട ആവശ്യമില്ലെന്നാണ് ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ചിന്തിക്കുന്നത്. ഇതേ അഭിപ്രായമുള്ള കേരള നേതാക്കളാണ് പി എം ശ്രീ വിവാദത്തില്‍ കടുത്ത നിലപാട് വേണമെന്ന് ആവശ്യപ്പെടുന്നത്.
ജനാധിപത്യ സംവാദവും ഉള്‍ പാര്‍ട്ടി ജനാധിപത്യവും ഉള്ള കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാവുകയാണ് സിപിഐക്ക് നല്ലതെന്നാണ് ഇവരുടെ അഭിപ്രായം. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാണ്. അവിടെ വളരെ മാന്യമായ സ്ഥാനമാണ് ഘടകകക്ഷി എന്ന നിലയില്‍ ലഭിക്കുന്നതെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ സിപിഐക്ക് മുഖ്യമന്ത്രിയെ ലഭിച്ചത് കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായിരുന്നപ്പോഴാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പി എം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പ് മാനിക്കാതെ ധാരണ പത്രത്തില്‍ ഒപ്പിട്ട സിപിഎമ്മുമായി ഇടഞ്ഞു തന്നെ മുന്നോട്ടു പോകാന്‍ ആണ് തീരുമാനം. നിയമസഭാ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എന്തു ഫലം വന്നാലും ഇനി സഹിച്ചു കഴിയേണ്ട എന്നാണ് ഈ കൂട്ടരുടെ മനസ്സിലിരിപ്പ്.
സിപിഐ ദേശീയ നേതൃത്വം ഇതിനകം നിന്നെ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തി എന്നാണ് ലഭിക്കുന്ന വിവരം. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് മാത്രമാണ് പോംവഴി എന്നാണ് സിപിഐയിലെ വലിയൊരു വിഭാഗം നേതാക്കള്‍ കരുതുന്നത്. സിപിഎം ബിജെപിയുടെ ബി ടീമായി കേരളത്തില്‍ മാറുന്നു എന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്.
ശബരിമല അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സിപിഎം തീര്‍ത്തും വെട്ടിലായിരിക്കുകയാണെന്നാണ് സിപിഐയുടെ മറ്റൊരു നിഗമനം. വിശ്വാസികള്‍ കൂട്ടത്തോടെ മുന്നണിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന തലത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലിക്കും എന്ന് തന്നെയാണ് സിപിഐ വിശ്വസിക്കുന്നത്. പി എം ശ്രീ പദ്ധതി വിവാദത്തില്‍ സിപിഎമ്മിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ ശബരിമല വിഷയവും കാരണമായിട്ടുണ്ട്.

