അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമിന്റെയും സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും കേരള സന്ദര്‍ശനം മാറ്റിവച്ചു. അടുത്ത മാസം കൊച്ചിയില്‍ നടക്കാനിരുന്ന സൗഹൃദ മത്സരം മാറ്റിവച്ചതായി പരിപാടിയുടെ സ്പോണ്സര് അറിയിക്കുയായിരുന്നു.
നവംബര്‍ 17ന് മെസി നയിക്കുന്ന അര്‍ജന്റീന ടീം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പരിപാടിയുടെ സ്പോണ്‍സറായ ആന്റോ അഗസ്റ്റിനും സംസ്ഥാന കായിക വകുപ്പും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇവിടെ മത്സരം നടത്താന്‍ ഫിഫ അനുമതി നല്കിയിട്ടില്ലാത്തതിനാല് മത്സരം അടുത്ത മാസം നടക്കില്ലെന്നാണ് ആന്റോ അഗസ്റ്റിന് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. അടുത്ത മത്സരം എന്നത്തേക്കാണെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദ മത്സരം കളിക്കുകയെന്നാണ് അര്‍ജന്റീന മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം അര്‍ജന്റീന ടീമിന്റെ എതിരാളികളായി നിശ്ചയിച്ചിരുന്ന ഓസ്ട്രേലിയന്‍ ടീമും മത്സരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.

