Spread the love

ബിഗ്‌ബോസ് മലയാളം സീസണ്‍ 7, ഗ്രാന്റ് ഫിനാലേയിലേക്ക് അടുത്തതോടെ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികള്‍ക്ക് ഇനിയുള്ള നാളുകള്‍ നിര്‍ണായകം.

ഇന്നലെ ബിഗ്‌ബോസ് ഷാനവാസിന് നല്‍കിയ സീക്രട്ട് ടാസ്‌ക് ഏറെ പ്രേക്ഷക പിന്തുണ നേടിയിരുന്നു. ഒരു മത്സരാര്‍ത്ഥിയെ ഫേക്ക് എവിക്ഷനിലൂടെ പുറത്താക്കാന്‍ ഷാനവാസിനെ ബിഗ്‌ബോസ് ചുമതലപ്പെടുത്തുകയായിരുന്നു. ആദിലയുടെ പേരാണ് ഷാനവാസ് തെരഞ്ഞെടുത്തത്. തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ആറുപേരെ കൂടെക്കൂട്ടാമെന്ന് ബിഗ്‌ബോസ് പറഞ്ഞപ്പോള്‍ ഷാനവാസ് അക്ബറിന്റെ പേരാണ് ആദ്യം പറഞ്ഞത്.

മുമ്പ് ആര്യനു നല്‍കിയ സീക്രട്ട് ടാസ്‌കിലേക്ക് അക്ബര്‍ ഷാനവാസിനെ ചേര്‍ത്തപ്പോള്‍ ഷാനവാസ് രഹസ്യം പുറത്തു പറഞ്ഞ് കുളമാക്കിയിരുന്നു. ഇതാവട്ടെ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാലിന്റെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

അക്ബറിനോടൊപ്പം ആര്യന്‍, നെവിന്‍, ലക്ഷ്മി, സാബുമാന്‍ എന്നിവരെയും ഷാനവാസ് സീക്രട്ട് ടാസ്‌കില്‍ ഉള്‍പ്പെടുത്തി. പക്ഷേ ഇതൊരു ഫേക്ക് എവിക്ഷനാണെന്ന് അറിയാവുന്നത് അക്ബറിനു മാത്രമായിരുന്നുവെന്ന് മാത്രം.

മത്സരാര്‍ത്ഥികളെ ബിഗ്‌ബോസ് വിളിച്ചുചേര്‍ത്ത് അപ്രതീക്ഷിക എവിക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ സീക്രട്ട് ടാസ്‌കിനെക്കുറിച്ച് അറിവില്ലാത്ത അനീഷും ആദിലയും നൂറയും അനുമോളുമൊക്കെ ഞെട്ടി. ഷാനവാസ് ആദിലയുടെ പേര് പറയുകയും പിന്നാലെ വന്ന അക്ബര്‍, ആര്യന്‍, നെവിന്‍, ലക്ഷ്മി, സാബുമാന്‍ എന്നിവര്‍ പിന്താങ്ങുകയും ചെയ്തതോടെ ബിഗ്‌ബോസ് പ്ലാന്‍ ചെയ്തതുപോലെ ആദില ഔട്ട്.

ആദില പുറത്തേക്ക് പോകുമ്പോള്‍ എല്ലാ മത്സരാര്‍ത്ഥികളോടും യാത്ര പറഞ്ഞെങ്കിലും ഷാനവാസിന്റെ അടുത്തുചെന്നപ്പോള്‍ ഷാനവാസ് കൈ നല്‍കാതെ ഒഴിഞ്ഞുമാറി. ഇത് ആദിലയേയും നൂറയേയും ചൊടിപ്പിച്ചു. അവസാനം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ഷാനവാസ് വേണ്ടെന്ന് ആദില പറയുകയും ഗ്രൂപ്പ് ഫോട്ടോയില്‍നിന്ന് ഷാനവാസ് മാറിനില്‍ക്കുകയും ചെയ്തു. തുറന്നിട്ട പ്രധാന വാതിലിലൂടെ പുറത്തേക്ക് കടക്കാന്‍ ആദില ശ്രമിക്കുമ്പോള്‍ ബിഗ്‌ബോസ് തടഞ്ഞു. പുറത്തേക്ക് പോകേണ്ട അകത്തേക്ക് കയറാന്‍ ബിഗ്‌ബോസ് ആവശ്യപ്പെടുകയായിരുന്നു.

ഇതൊരു പ്രാങ്ക് ആണെന്നും ഷാനവാസിന് നല്‍കിയ സീക്രട്ട് ടാസ്‌ക് ആണെന്നും ബിഗ്‌ബോസ് പറഞ്ഞതോടെ ആദിലയും നൂറയും ഷാനവാസിന്റെ അടുത്തേക്ക് വരികയും ഷാനവാസിനെ മുന്നില്‍നിന്ന് നൂറയും പിന്നില്‍നിന്ന് ആദിലയും കെട്ടിപ്പിടിച്ചു. നടുക്കായ ഷാനവാസിന്റെ കണ്ണില്‍നിന്നും കണ്ണീര് വരികയും ചെയ്തു. ഈ നിമിഷം വെണ്ണിലാ ചന്ദനക്കിണ്ണം പാടി നെവിന്‍ സാങ്കല്‍പ്പിക കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതും ഇന്നലെ ബിഗ്‌ബോസ് വീട്ടില്‍നടന്ന അടിപൊളി നിമിഷങ്ങളായിരുന്നു.

സീക്രട്ട് ടാസ്‌കില്‍ തന്നെ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ഷാനവാസുമായുള്ള സൗഹൃദം അനീഷ് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നും നാളെയുമാണ് ലാലേട്ടന്റെ വീക്കെന്‍ഡ് എപ്പിസോഡ്. ഷാനവാസ്, അക്ബര്‍, ആര്യന്‍, നൂറ, നെവിന്‍, ലക്ഷ്മി എന്നിവരാണ് നോമിനേഷനിലുള്ളത്. ഇതില്‍ ലക്ഷ്മി പുറത്തുപോകാനാണ് സാദ്ധ്യത. ഇത്തവണ ഒരാളെ മാത്രമേ പുറത്താക്കൂവെന്നുമാണ് വിവരം.