കൊച്ചി: ഒടുവില്‍ വന്ദേഭാരത് ട്രെയിനുകളില്‍ നല്ല ഭക്ഷണത്തിന് കളം ഒരുങ്ങുന്നു. തുടര്‍ച്ചയായി മോശം ഭക്ഷണം വിതരണം ചെയ്തതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണക്കരാര്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കുകയായിരുന്നു കേരളത്തിലും തമിഴ്‌നാട്ടിലുമായി 6 വന്ദേഭാരത് ട്രെയിനുകളിലെ കരാര്‍ എടുത്തിരുന്ന ബ്രന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സിനെയാണു പുറത്താക്കിയത്. കരാര്‍ റദ്ദാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കമ്പനി മദ്രാസ് ഹൈക്കോടതിയില്‍നിന്നു സ്റ്റേ വാങ്ങി ഭക്ഷണ വിതരണം തുടരുകയായിരുന്നു. ഹൈക്കോടതി ഇന്നലെ സ്റ്റേ പിന്‍വലിച്ചതോടെ കരാര്‍ റദ്ദായതായി റെയില്‍വേ അറിയിച്ചു.
ഇന്നുമുതലുള്ള ഭക്ഷണ വിതരണം താല്‍ക്കാലികമായി ഫുഡ് വേള്‍ഡ്, എക്‌സ്പ്രസ് ഫുഡ്‌സ്, സങ്കല്‍പ് കേറ്ററേഴ്‌സ്, എഎസ് സെയില്‍സ് കോര്‍പറേഷന്‍ എന്നീ കമ്പനികളെ ഏല്‍പിച്ചു. ഓണ്‍ബോര്‍ഡ് ഹൗസ്‌കീപ്പിങ് ജോലികള്‍ മെക്കാനിക്കല്‍ വിഭാഗം ചെയ്യും. ദക്ഷിണ റെയില്‍വേയ്ക്കു പകരം ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാകും (ഐആര്‍സിടിസി) ഇനി വന്ദേഭാരത് കരാറുകള്‍ ക്ഷണിക്കുകയുള്ളൂ.

