കോട്ടയം: ഇടത് സർക്കാരിന്റെ കാലത്തെ ശബരിമലയിലെ സംഘടിത സ്വർണ്ണകൊള്ളയിൽ കേരള രാഷ്ട്രീയം വീണ്ടും ഒരു നിർണ്ണായക വഴിത്തിരിവിലേക്ക് മാറുയാണ്. ഇടത് സർക്കാരിനെതിരെ ശക്തമായ ജനവികാരം അലയടിക്കുന്നത് ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് (എം) നെ കടുത്ത സമ്മർദ്ദത്തിലും രാഷ്ട്രീയപരമായ ‘ത്രിശങ്കു’ അവസ്ഥയിലുമാണ്. പാർട്ടി അണികളിൽ വലിയൊരു വിഭാഗം യുഡിഎഫിലേക്ക് മടങ്ങണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോൾ, ചില മുതിർന്ന നേതാക്കൾ ഇപ്പോഴും എൽഡിഎഫിനൊപ്പം തുടരാനാണ് താൽപര്യപ്പെടുന്നത്.
അണികളുടെ വികാരത്തിന് അനുസരിച്ച് നിർണ്ണായക തീരുമാനങ്ങൾ എടുത്തിരുന്ന കെ.എം. മാണിയുടെ മകനായ ജോസ് കെ. മാണി ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്ന ആകാംഷയിലാണ് എൽഡിഎഫ് അനുകൂലികളായ നേതാക്കൾ.
മധൃകേരളത്തിലെ പ്രബല രാഷ്ട്രീയ ശക്തിയായ മാണിഗ്രൂപ്പ് പിണറായി സർക്കാരിന് മേൽ വന്ന് പതിച്ച സ്വർണ്ണ മോഷണ വിവാദത്തിൽ ഇനിയും പ്രതികരിക്കാതെ മൗനത്തിലാണ്. ക്രിസ്തൃൻ വിഭാഗങ്ങൾ മാത്രമല്ല നായർ സമുദായംഗങ്ങളടക്കം വലിയൊരു ഹൈന്ദവ വിഭാഗങ്ങളും മാണിഗ്രൂപ്പിലുണ്ടന്നതിൽ നേതൃത്വത്തിന്റെ മൗനം വലിയ പ്രതിഷേധമാണ് പാർട്ടിയിൽ സൃഷ്ടിച്ചിരിക്കുന്നത്.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാണി കേരളാ കോൺഗ്രസിനെ മുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ചതോടെ മുന്നണിമാറ്റ ചർച്ചകൾക്ക് പതിവില്ലാത്ത ചൂടേറി.
മാണി ഗ്രൂപ്പ് നേതാക്കളുമായി ചില ഉന്നത യുഡിഎഫ് നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ടന്നത് കോട്ടയത്ത് പരസൃമായ രഹസൃമാണ്. മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് ജോസ് കെ. മാണി ഉടൻ തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ട സാഹചരൃമാണുള്ളത്.
ക്രൈസ്തവ സഭകളുടെ കലവറയില്ലാത്ത പിന്തുണയുള്ള മാണി കേരളാ കോൺഗ്രസ് യുഡിഎഫിന്റെ ഭാഗമാകണം എന്ന ആഗ്രഹം ബിഷപ്പുമാർ ഉൾപ്പെടെയുള്ളവർക്കുണ്ട്. പല വേദികളിലും അവർ ഇത് തുറന്നുപറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ വച്ച് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫിന്റെ പുസ്തക പ്രകാശന വേളയിൽ ആർച്ച് ബിഷപ്പ് തോമസ് തറയിൽ മാണി- ജോസഫ് ഗ്രൂപ്പുകൾ ഒന്നിക്കണമെന്ന് ആവശൃപ്പെട്ടിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യവും എൽഡിഎഫ് വിടാൻ ജോസ് കെ. മാണിയെ പ്രേരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. സംസ്ഥാനത്തുടനീളം അതിശക്തമായ സർക്കാർ വിരുദ്ധ വികാരം അലയടിക്കുകയാണ്. ശബരിമലയിലെ മോഷണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനവികാരം ഇളക്കിവിട്ടു. മൂന്നാം പിണറായി സർക്കാർ നടക്കാത്ത സ്പനമായി എന്ന് കൊച്ച് കുട്ടികൾക്ക് പോലും അറിയാംഎന്ന തരത്തിൽ ജനങ്ങൾക്കിടയിൽ ശക്തമായ ഭരണവിരുദ്ധ നിലപാടാണുള്ളത്.ശബരിമല സ്വർണ്ണ കൊള്ളയുടെ പാപ ഭാരം എന്തിന് മാണി ഗ്രൂപ്പ് ഏറ്റെടുക്കണമെന്ന വികാരം പാർട്ടിയിൽ ശക്തമായി.ഇനി ഇടത് സർക്കാർ അധികാരത്തിൽ വരാനുള്ള സാധൃതകൾ അടയുമ്പോൾ ജനങ്ങൾ എതിരായ മുന്നണിയിൽ നിന്ന് കൃത്യസമയത്ത് പുറത്തുചാടാൻ ജോസ് കെ. മാണി ശ്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
50 വർഷം തുടർച്ചയായി പാലായിൽ നിന്ന് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച കെഎം മാണിയുടെ തട്ടകത്തിൽ നിന്ന് മകൻ ജോസ് കെ മാണിക്ക് നിയമസഭയിൽ ജയിച്ച് കയറണമെന്നത് വലിയ സ്പനമാണ്. ഇടത് ബാന്ധവം വിട്ടാൽ പാലായിൽ ഇക്കുറി ജോസിന് അനുകൂല സാഹചരൃമാണുള്ളതെന്നാണ് മാണി ഗ്രൂപ്പിന്റെയും യുഡിഎഫിന്റെയും വിലയിരുത്തൽ.

