കോട്ടയം : കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ജെസിയുടേയും ഭർത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നു. സാമിന്റെ മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്. ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലായത്.
ജെസി ആദ്യമായി സാമിനെ പ്ലസ്വണ്ണിനു പഠിക്കുന്ന കാലത്താണ് കണ്ടത്. സാമിന്റെ പ്രണയാഭ്യർഥനയോടെ ആ ബന്ധം ശക്തമാവുകയായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തിൽ ജെസിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. 1994-ലാണ് ജെസിയും സാമും വിവാഹിതരാകുന്നത്. ആദ്യഭാര്യ പ്രസവിച്ചദിവസം തന്നെയായിരുന്നു സാം ജെസിയെ ബെംഗളൂരുവിലെ പള്ളിയില്‍വെച്ച് വിവാഹംകഴിച്ചതെന്നാണ് ജെസിയുടെ അഭിഭാഷകന് പറഞ്ഞത്. എന്നാല്‍, നിയമപരമായി അന്ന് വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നില്ല. ജെസിയെ വിവാഹംകഴിച്ചതോടെ ആദ്യഭാര്യ കുഞ്ഞിനെ സാമിനെ ഏല്‍പ്പിച്ച് പോയി. ഇതോടെ ഈ കുട്ടിയെയും ജെസിയാണ് വളര്‍ത്തിയത്. സാം-ജെസി ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും അഭിഭാഷകന് പറഞ്ഞു.
മറ്റു സ്ത്രീകളുമായി സാമിന്റെ ബന്ധം ജെസി അറിഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലെ വഴക്ക് തുടങ്ങിയത്. 2005 വരെ കുടുംബം സൗദിയിലെ ജിദ്ദയിൽ ആയിരുന്നു. വിദേശത്തായിരിക്കെ ജെസി ഡേകെയര്‍ നടത്തിയിരുന്നു. വിദേശത്ത് താമസിക്കുന്നതിനിടെയും സാം ജെസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഡോറിന്റെ ലോക്ക് കൊണ്ട് തലയ്ക്കടിച്ചാണ് ജെസിയെ ആക്രമിച്ചത്. ഗുരുതരപരിക്കേറ്റ് ജെസി വെന്റിലേറ്ററിലായി. എന്നാല്‍, സാം കരഞ്ഞുപറഞ്ഞതിനാല്‍ അവര്‍ കേസ് ഒഴിവാക്കി. കുടുംബപ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ജെസിയും സാമും വിദേശത്തുനിന്ന് തിരികെയെത്തിയത്.
ജെസിയുടെ പണം ഉപയോഗിച്ചാണ് കോട്ടയം കാണക്കാരിയിലെ വീട് വാങ്ങിയിരുന്നത്. വീടും സ്ഥലവും വാങ്ങിയത് സാമിന്റെ പേരിലായിരുന്നു. കുടുംബപ്രശ്നത്തെത്തുടര്‍ന്ന് വീട്ടില്‍ രണ്ടിടത്തായാണ് ഇരുവരും താമസിച്ചിരുന്നത്. ജെസി താഴത്തെനിലയിലും സാം മുകളിലത്തെ നിലയിലുമായിരുന്നു താമസം.
അതേസമയം സാം ജോര്‍ജിന് വിദേശയുവതികളടക്കം ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. വിദേശയുവതികളുമായി സാം വീട്ടിലെത്തുന്നതും ജെസി ചോദ്യംചെയ്തിരുന്നു. ജെസിയെ കാണാതായ കേസില്‍ പോലീസ് സാമിനെ ബെംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു ഇറാനിയന്‍ യുവതി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതായി സൂചനയുണ്ട്.

