എന്‍.എം
സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍നിന്നും വിട്ടുനിന്നത് കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ വലിയൊരു ചര്‍ച്ചയ്ക്ക് വഴിതെളിച്ചു.
ആഗോള അയ്യപ്പസംഗമത്തില്‍നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് നിലപാടിനെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനുള്ളിലും വിഷയം ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. അതേസമയം പിണറായി സര്‍ക്കാരിന്റെ നടപടികളെ പ്രശംസിക്കുകയും ചെയ്തു. പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന് ഹിന്ദുവോട്ടുകള്‍ വേണ്ടെന്ന് തോന്നുന്നു. ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയാകും എന്നുകൂടി സുകുമാരന്‍ നായര്‍ പറഞ്ഞുവയ്ക്കുമ്പോള്‍ എന്‍എസ്എസ് ഇടതുപക്ഷ മുന്നണിയുമായി കൂടുതല്‍ അടുക്കുകയാണോയെന്ന സംശയവും അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട്.
സുകുമാരന്‍ നായരുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് എന്‍എസ്എസ് അനുകൂലികള്‍ തന്നെ പരസ്യമായും രഹസ്യമായുമൊക്കെ സോഷ്യല്‍മീഡിയകള്‍ വഴി രംഗത്തുവന്നിട്ടുണ്ടെങ്കിലും വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് എന്‍എസ്എസ് നിലപാട് ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. സുകുമാരന്‍ നായരുടെ നിലപാട് കോണ്‍ഗ്രസിനുള്ള മരണവാറണ്ട് ആണെന്നുവരെ പറയപ്പെടുന്നുണ്ട്.
അതേസമയം, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയുടെ വികസനത്തിനായി എന്താണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അയ്യപ്പ ഭക്തരോട് വിശദീകരിക്കണമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മുന്‍ വനം മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. ഇത് ആഗോള അയ്യപ്പസംഗമ വിഷയം കൈകാര്യം ചെയ്തതില്‍ കോണ്‍ഗ്രസിന് പിഴവ് സംഭവിച്ചുവെന്ന പരോക്ഷമായ വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടുന്നു.
പല കോണ്‍ഗ്രസ് നേതാക്കളും എന്‍എസ്എസ് പ്രസ്താവനയെ ഒരു മുന്നറിയിപ്പായി കാണുന്നുണ്ടെന്നു വേണം കാണാന്‍.
രണ്ട് നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ അടുത്തുവരവേ ഹിന്ദുക്കളുടെ വികാരങ്ങള്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ലെങ്കില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും യുഡിഎഫ് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
ദേവസ്വം ബോര്‍ഡ് നടത്തിയ ആഗോള അയ്യപ്പസംഗമത്തിന് ബദലായി ബിജെപി മറ്റൊരു സംഗമം നടത്തിയെങ്കിലും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഭക്തരുടെ സംഗമം വിളിച്ചുചേര്‍ത്തിട്ടില്ല. കോണ്‍ഗ്രസ് കൂടി അയ്യപ്പഭക്തരുടെയും ഹൈന്ദവ സംഘടനകളുടെയും സംഗമം വിളിച്ചുചേര്‍ക്കണമെന്നും കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായമുയരുന്നുണ്ട്.

