കണ്ണൂർ : പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി.റീമ (30) ആണ് മരിച്ചത്. കുട്ടിക്കായി തിരച്ചില്‍ നടത്തി വരികയാണ്.
ചെമ്പല്ലികുണ്ട് പാലത്തില്‍നിന്നാണ് യുവതി മൂന്ന് വയസ്സുള്ള മകനേയുംകൊണ്ട് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കുഞ്ഞിനായി ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽനിന്നാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

