Spread the love

                                 തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് സ്റ്റണ്ട്മാന്‍ മോഹന്‍രാജിന്റെ അപകട മരണം. പരഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ മോഹന്‍രാജ് അപകടത്തില്‍പ്പെടുകയായിരുന്നു. മോഹന്‍രാജിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസെടുത്തു. സഹനിര്‍മാതാക്കള്‍ അടക്കം ആകെ 5 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം സംഭവിച്ചത്. ഇന്നലെയാണ് അപകടം ഉണ്ടായത്.

ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാര്‍ ചെയ്സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ്യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.റാമ്പില്‍ കയറുന്നതിന് മുന്‍പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതിനിടെ അദ്ദേഹത്തിന്റെ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതും ഒരു സിനിമാ ലൊക്കേഷനില്‍വച്ചുള്ളതാണ്.നടനും സംവിധായകനും നൃത്ത സംവിധായകനുമായ രാഘവാ ലോറന്‍സിന്റെ സഹോദരന്‍ നായകനായ ബുള്ളറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മറിഞ്ഞ്, തകര്‍ന്നുകിടക്കുന്ന കറുത്ത കാറിനുള്ളില്‍നിന്ന് ഇറങ്ങി വരുന്ന മോഹന്‍രാജാണ് വീഡിയോയിലുള്ളത്. കാറില്‍നിന്നിറങ്ങുന്ന അദ്ദേഹത്തെ സംവിധായകനുള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ ആലിംഗനം ചെയ്തും പുറത്ത് തട്ടിയുമെല്ലാം അഭിനന്ദിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം വേച്ചുകൊണ്ട് ആംബുലന്‍സിലേക്ക് കയറുകയാണ്. സമാനരീതിയിലുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയാണ് തിങ്കളാഴ്ച മോഹന്‍രാജ് അപകടത്തില്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയത്