കണ്ണൂർ കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനം നൊന്തെന്ന് പോലീസ്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ്(40) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകരായ പറമ്പായി സ്വദേശികൾ വിസി മുബഷീർ(28), വികെ റഫ്നാസ്(24), കെഎ ഫൈസൽ(34) എന്നിവരാണ് പിടിയിലായത്
യുവതിയുടെ ആത്മഹത്യക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അച്ചങ്കര പള്ളിക്ക് സമീപം കാറിന് അടുത്ത് റസീന സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് ഇവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു.
യുവാവിനെ അഞ്ച് മണിക്കൂറോളം ഇവർ തടഞ്ഞുവെച്ച് വിചാരണ ചെയുകയും സംഘം മൊബൈലും ടാബും പിടിച്ചെടുത്ത് രാത്രി എട്ടരയോടെ പറമ്പായിയിലെ എസ് ഡി പി ഐ ഓഫീസിലെത്തിച്ചു. കൂടാതെ റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് റസീന ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

