Spread the love

പത്തനംതിട്ട: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരുവല്ല സ്വദേശിനിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. നാട്ടിൽ നിന്നും ഇന്നലെയാണ് രഞ്ജിത മടങ്ങിയത്.

സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത രഞ്ജിത ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നാട്ടില്‍ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു രഞ്ജിത വീട്ടില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ടത്.

തിരുവല്ലയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാർഗ്ഗമെത്തിയ രഞ്ജിത അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോയി. അവിടെ നിന്നാണ് അപകടത്തില്‍പ്പെട്ട ലണ്ടന്‍ വിമാനത്തില്‍ യാത്ര തിരിക്കുന്നത്.

അതേസമയം രഞ്ജിത ഗോപകുമാർ നായർ ദീർഘകാലം ഒമാനിലെ പ്രവാസിയായിരുന്നു.

ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്സായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് യു.കെയിലേക്ക് ജോലി മാറി പോയത്. സർക്കാർ സർവിസിൽ നഴ്സായ രഞ്ജിത അത് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടം. ഒരു മകനും മകളുമുണ്ട്. രണ്ട് സഹോദരങ്ങൾ മസ്കത്തിലാണ്. അമ്മ നാട്ടിലാണുള്ളത്. രഞ്ജിതയുടെ മരണം സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി.