കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിച്ച താനൂർ ദുരന്തം ഉണ്ടായിട്ട് നാളെ രണ്ടുവർഷം തികയുന്നു. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് മാരി ടൈം ബോർഡ് ഉദ്യോഗസ്ഥരെയാണ് പോലീസ് പ്രതിചേർത്തത്. എന്നാൽ മാരിടൈം ബോർഡിലെ സ്ഥിരം ജീവനക്കാരനായ ഒരു ഉദ്യോഗസ്ഥനെ പ്രഥമ ദൃഷ്ട്രാ തെറ്റുകാരൻ അല്ല എന്ന് കണ്ട് സർവീസിൽ തിരികെ പ്രവേശിപ്പിക്കുകയുണ്ടായി. സർവേയർ തസ്തികയിൽ ജോലി നോക്കിയിരുന്ന ൂ താൽക്കാലിക ജീവനക്കാരനെ തെറ്റുകാരൻ എന്ന് കണ്ടു സർവീസിൽ നിന്നും പിരിച്ചുവിടുകയുണ്ടായി. തുടർന്ന് ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിലേക്കായി സർവ്വേ നടപടികൾക്കും മറ്റുമായി യോഗ്യതയുള്ള ജീവനക്കാരെ നിയമിക്കുകയാണ് മാരിടൈം ബോർഡ് ചെയ്തത് .
ഇതിന്റെ ഭാഗമായി ബോട്ടുകളിൽ കൃത്യമായ സർവ്വേകളും, അകുറ്റപ്പണികളുടെ പരിശോധനയും നടത്തി ഫിറ്റ്നസ് നൽകി വരുന്നുണ്ട് .കൂടാതെ നിയമലംഘനങ്ങൾ പരിശോധിക്കുന്നതിലേക്കായി എൻഫോസ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് 14 ജില്ലകളിലും പരിശോധനകൾ നടത്തിവരുന്നു. മാരിടൈം ബോർഡിന്റെ ഇത്തരം പ്രവർത്തനങ്ങൾ വിജയത്തിലേക്ക് എത്തി എന്ന് വേണം കരുതാൻ.
കാരണം അന്നുമുതൽ നാളിതുവരെ ഒരു അപകടങ്ങളും ഉണ്ടാകാതെ സംരക്ഷിക്കാൻ ബോർഡിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കുറ്റക്കാരൻ എന്ന് കണ്ട് പിരിച്ചുവിട്ട ജീവനക്കാരൻ നിയമലംഘനങ്ങളുടെ പേരിൽ പിഴ ഈടാക്കിയ ബോട്ടുകാരെ സ്വാധീനിച്ചും അവരെ തെറ്റിദ്ധരിപ്പിച്ചും നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുന്നു. ജീവനക്കാർക്കെതിരെ വിജിലൻസ്, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതികൾ നൽകിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത് .ഇത്തരത്തിൽ വ്യാജ പരാതികൾ ലഭിക്കുന്നത് നിയമനിർമാണം നടപ്പിലാക്കുന്ന ജീവനക്കാരെ മാനസികമായി തകർക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇയാളുടെ വാക്കുകൾ വിശ്വസിച്ച് പരാതി നൽകിയ പല ബോട്ട് ഉടമകളും സത്യം മനസ്സിലാക്കി പരാതികൾ പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ നിയമനിർമാണം നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാരിനും മാരി ടൈം ബോർഡിനും എതിരെ നടപടികൾ സ്വീകരിക്കുന്ന മുൻ സർവ്വേർക്കെതിരെ ഉചിതമായ അന്വേഷണം സർക്കാർതലത്തിൽ നടത്തണമെന്നാണ് ജീവനക്കാരുടെ ആവശൃം. താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനും ഈ വിഷയത്തിൽ കൂടി അന്വേഷണം നടത്തേണ്ടതാണെന്ന ആവശൃവും ഉയരുകയാണ്.
2023 മെയ് 7 ന് വൈകുന്നേരം, മലപ്പുറത്തെ താനൂരിലെ താനൂർ ബീച്ചിൽ വിനോദ ബോട്ട് അറ്റ്ലാന്റിക് മറിഞ്ഞാണ് താനൂർ ബോട്ട് അപകടമുണ്ടായത് . 37 പേർ സഞ്ചരിച്ച ബോട്ടിൽ നടന്ന സംഭവത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

