Spread the love

ഫരീദാബാദ്: യുവതിയെ ഓടിക്കൊണ്ടിരുന്ന വാനിൽ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചു. ഗുരുഗ്രാം- ഫരീദാബാദ് റോഡിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫരീദാബാദിലെ ഇടവഴിയിൽനിന്നും ലിഫ്റ്റ് ചോദിച്ചു വാനിൽ കയറിയ 25 വയസ്സുകാരിയായ യുവതി ആണ് അക്രമത്തിനിരയായത്.

യുവതിയെ പീഡനത്തിന് ശേഷം അക്രമികൾ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടു. വീഴ്ചയിൽ യുവതിയുടെ മുഖത്തിന് ആഴത്തിൽ മുറിവേറ്റു.

തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി അമ്മയുമായി വഴക്കിട്ട ശേഷം സുഹൃത്തിനെ കാണാൻ വേണ്ടി വീട് വിട്ടിറങ്ങിയത്. എന്നാൽ റോഡിൽ വാഹനങ്ങൾ ലഭിക്കാതായതോടെ യാത്ര വൈകി. തുടർന്ന് അതുവഴി വന്ന വാഹനത്തിലുള്ളവർ പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി. യുവതിയെ വാഹനത്തിൽ കയറ്റിയ ശേഷം വഴിമാറ്റി ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലേക്ക് വാഹനം ഓടിച്ച പ്രതികൾ പെൺകുട്ടിയെ മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പുലർച്ചെ 3 മണിയോടെ പ്രതികൾ യുവതിയെ എസ്ജിഎം നഗറിനു സമീപം ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചെറിഞ്ഞു. പെൺകുട്ടി സഹോദരിയെ സഹായത്തിനു വിളിക്കുകയും ബന്ധുക്കളെത്തി ആശുപത്രിയിലാക്കുകയുമായിരുന്നു. തുടർന്നു കുടുംബം കോട്‌വാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി റജിസ്റ്റർ ചെയ്തു. പൊലീസ് അന്വേഷണത്തിൽ ചൊവ്വാഴ്ച രണ്ടു പ്രതികളെ പിടികൂടി.