യുജിസി നെറ്റ് പരീക്ഷയിലും പിശക്, പുന: പരീക്ഷ തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : കഴിഞ്ഞ ജൂണില്‍ നടന്ന യു.ജി.സി നെറ്റ് പരീക്ഷയില്‍ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളില്‍ നിരവധി പിശകുകള്‍ കടന്നുകൂടിയെന്ന് സമ്മതിച്ച് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ). ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലാണിത്. ഇവയുടെ പുന:പരീക്ഷ തീയതികളും പ്രഖ്യാപിച്ചു.
നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയും ഏറെ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് എന്‍.ടി.എയെ നാണക്കേടിലാക്കിയ ഈ സംഭവവും. നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് രൂപീകരിച്ച സമിതി ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റുകളും വസ്തുതാപരമായ തെറ്റുകളും വിവര്‍ത്തനത്തിലെ പിശകുകളും കണ്ടെത്തുകയായിരുന്നു.
സെപ്തംബര്‍ 9ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഇംഗ്ളീഷും വൈകിട്ട് 3 മുതല്‍ 6വരെ കൊമേഴ്സും 10ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 സോഷ്യോളജിയിലുമാണ് പുന:പരീക്ഷ. അധിക ഫീസ് ഈടാക്കില്ല. അഡ്മിറ്റ് കാര്‍ഡുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്.എഫ്), പിഎച്ച്.ഡി പ്രവേശനത്തിനുമാണ് യു.ജി.സി നെറ്റ് പരീക്ഷ.
87 വിഷയങ്ങളിലായിരുന്നു പരീക്ഷ. മൂന്ന് പുന:പരീക്ഷാ വിഷയങ്ങളൊഴികെ മറ്റുള്ളവയുടെ ഫലപ്രഖ്യാപനം യഥാസമയം നടത്തും. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയത്തില്‍ 2024 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയും റദ്ദാക്കി പുന:പരീക്ഷ നടത്തിയിരുന്നു.

