Spread the love

തിരുവോണ പുലര്‍ച്ചെ തൃശൂരില്‍ അപകടം, ലോറി ചായക്കടയിലേക്ക് പാഞ്ഞുകയറി രണ്ടു മരണം

തൃശൂര്‍: ചേലക്കോട് നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. പ്ലാഴി – വാഴക്കാട് സംസ്ഥാന പാതയില്‍ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പഴയന്നൂര്‍ കല്ലേപ്പാടം സ്വദേശി ഷെമീര്‍ (42), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ജോസഫ് (53) എന്നിവരാണ് മരിച്ചത്.

കടയുടമ നെയ്ത്തുകുളങ്ങര വീട്ടില്‍ ശശിധരന്‍ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേലക്കോട് സെന്റിന് സമീപത്തെ വളവില്‍ വച്ച് മില്‍മ പാല്‍ കയറ്റിവന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട ഷെമീറിനെയും ജോസഫിനെയും അഗ്‌നിശമനസേനയുംനാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ചേലക്കര പൊലീസ് കേസെടുത്തു.